Image

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയില്ല, തുടരാൻ തന്നെ സാധ്യതയെന്നു വിദഗ്ദ്ധർ (പിപിഎം)

Published on 26 February, 2026
 റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയില്ല, തുടരാൻ തന്നെ സാധ്യതയെന്നു വിദഗ്ദ്ധർ (പിപിഎം)

യുഎസ് സുപ്രീം കോടതി പ്രസിഡന്റ് ട്രംപിന്റെ തീരുവ നടപടി അസാധുവായി പ്രഖ്യാപിച്ചതോടെ ഇന്ത്യ റഷ്യയിൽ നിന്നു തുടർന്നും എണ്ണ വാങ്ങാനാണ് സാധ്യതയെന്നു നിരീക്ഷകർ. റഷ്യൻ എണ്ണ വാങ്ങി അവരുടെ യുദ്ധത്തെ സഹായിക്കുന്നു എന്നാരോപിച്ചാണ് കഴിഞ്ഞ ഓഗസ്റ്റിൽ ട്രംപ് ഇന്ത്യയുടെ മേൽ 25% അധിക തീരുവ ചുമത്തിയത്. എന്നാൽ അടിസ്‌ഥാന 25 ശതമാനവും പുറമെ ഈ 25 ശതമാനവും ചുമത്താൻ ട്രംപ് അടിയന്തര ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ള ഐ ഇ ഇ പി എ നിയമം ആയുധമാക്കിയത് നിയമവിരുദ്ധമായാണ് എന്നു കോടതി കൽപിച്ചതോടെ ആ നടപടികൾ അസാധുവായി.  

പിന്നീട് 10% തീരുവ കൊണ്ടുവന്നത് വ്യാപാര നിയമത്തിന്റെ 122ആം വകുപ്പ് ഉപയോഗിച്ചാണ്. തുടർന്നു ട്രംപ് അത് 15% ആയി ഉയർത്തി. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവയ്ക്കാനുള്ള വ്യാപാര കരാറിലെ വ്യവസ്ഥ 18% ആണ്.  

റഷ്യയുമായി ഊർജം ഉൾപ്പെടെയുള്ള ബന്ധങ്ങൾ ഇന്ത്യ നിലനിർത്തുക തന്നെ ചെയ്യുമെന്നാണ് ക്വിൻസി ഇന്സ്ടിട്യൂട്ടിൽ ഗ്ലോബൽ സൗത്ത് പ്രോഗ്രാം ഡയറക്റ്ററായ സാരംഗ് ഷിഡോർ സി എൻ ബി സിയോടു പറഞ്ഞത്. എണ്ണ വാങ്ങുന്നത് കുറച്ചേക്കാം, പക്ഷെ നിർത്താൻ ഇടയില്ല.

ഫെബ്രുവരിയിൽ ഈ കുറവ് കണ്ടു. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി 2025ൽ പ്രതിദിന ശരാശരി 1.71 മില്യൺ ബാരൽ ആയിരുന്നപ്പോൾ ഈ മാസം അത് 1.16 മില്യനായി കുറഞ്ഞു.  മാർച്ചിലെ നില വ്യക്തമല്ല. ഏപ്രിലിൽ വാങ്ങുന്നത് ഇന്ത്യൻ റിഫൈനറികൾ തീരുമാനിക്കാത്തത് യുഎസുമായുള്ള വ്യാപാര കരാർ എന്താവുമെന്നു കാണാൻ കാത്തു നിൽക്കുന്നതു കൊണ്ടാണ്.

ഇന്ത്യ 800,000 ബാരൽ മുതൽ ഒരു മില്യൺ ബാരൽ വരെ ഇറക്കുമതി ചെയ്യുമെന്നു വിദഗ്ധർ കരുതുന്നു. അതു തടയാൻ തീരുവ ചുമത്തണമെന്നു ആഗ്രഹിച്ചാലും കോടതി വിധി ട്രംപിനു വിഘാതമാവും.

ഇന്ത്യ റഷ്യൻ എണ്ണ ഇനി വാങ്ങില്ല എന്നു ചൂണ്ടിക്കാട്ടിയാണ് കരാർ പ്രഖ്യാപിക്കുമ്പോൾ ട്രംപ് തീരുവ 50 ശതമാനത്തിൽ നിന്നു 18% ആയി കുറച്ചത്. എന്നാൽ യുഎസ്-ഇന്ത്യ സംയുക്ത പ്രസ്താവനയിൽ അതേപ്പറ്റി ഒന്നും പറയുന്നില്ല. യുഎസിൽ നിന്ന് ഇന്ത്യ അടുത്ത അഞ്ചു വർഷത്തിൽ 'ഊർജം' ഉൾപ്പെടെ അര ട്രില്യൺ ഡോളറിന്റെ ഉത്പന്നങ്ങൾ വാങ്ങുമെന്നു മാത്രം പറയുന്നുണ്ട്.

ഇന്ത്യ എണ്ണവില കണക്കിലെടുത്താണ് വാങ്ങുന്നതെന്നു ഓക്സ്ഫോർഡ് എക്കണോമിക്സിലെ മുഖ്യ എക്കണോമിസ്റ്റ് അലെക്‌സാന്ദ്ര ഹെർമാൻ പറയുന്നു. ഏതെങ്കിലുമൊരു രാജ്യത്തു നിന്നു മാത്രം വാങ്ങുക എന്ന നയമില്ല താനും.

India continues to buy Russian oil

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക