
കൊച്ചി: വിവാദ സിനിമ 'കേരള സ്റ്റോറി 2' പ്രദർശനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ചിത്രം നാളെ റിലീസ് ആകാനിരിക്കെയാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. ഇതോടെ ചിത്രത്തിന്റെ നാളത്തെ റിലീസ് മുടങ്ങി. സിനിമ മതസൗഹാർദത്തിന് ഭീഷണിയാണെന്ന് നിരീക്ഷിച്ച കോടതി 15 ദിവസത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്.
കേരള സ്റ്റോറി 2' പ്രദർശിപ്പിക്കുന്നത് വാദം പൂർത്തിയാകും വരെ കഴിഞ്ഞ ദിവസം ഹൈക്കോടതി തടഞ്ഞിരുന്നു. സിനിമയുടെ ഉള്ളടക്കം മതേതര കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ഹർജിക്കാരുടെ ആശങ്കകൾ തള്ളിക്കളയാനാവില്ലെന്ന് നിരീക്ഷിച്ച കോടതി ഹർജികൾ ഇന്ന് രാവിലെ 9.45-ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു.
സിനിമ കണ്ട് കോടതി വിലയിരുത്തണമെന്ന നിർദ്ദേശത്തെ സമയപരിമിതി ചൂണ്ടിക്കാട്ടി കോടതി ഒഴിവാക്കിയിരുന്നു. എന്നാൽ, സെൻസർ ബോർഡിന് പകരമാവില്ല കോടതി എന്ന നിർമാതാക്കളുടെ വാദത്തിന് കോടതി കൃത്യമായ മറുപടിയും നൽകി. കേരളത്തിന് അപഖ്യാതിയാണോ സിനിമയെന്നറിയാൻ ഉള്ളടക്കം പരിശോധിക്കണമെന്നും സിബിഎഫ്‌സിയോട് ഹൈക്കോടതി പറഞ്ഞു. സിനിമ പുറത്തിറങ്ങി നഷ്ടം സംഭവിച്ചതിന് ശേഷമല്ല അത് പുനഃപരിശോധിക്കേണ്ടതെന്ന് സെൻസർ ബോർഡിനെ കോടതി ഓർമിപ്പിച്ചു. ഹർജിക്കാരുടെ ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല എന്നും കോടതി വ്യക്തമാക്കിയിരുന്നു.