
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് (ഡി ഓ ജെ) പുറത്തു വിട്ട എപ്‌സ്റ്റീൻ ഫയലുകളിൽ പ്രസിഡന്റ് ട്രംപിനെതിരെ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച സ്ത്രീയുടെ പേരില്ലെന്നു 'ന്യൂ യോർക്ക് ടൈംസ്' പരിശോധനയ്ക്കു ശേഷം റിപ്പോർട്ട് ചെയ്തു.
പതിറ്റാണ്ടുകൾക്കു മുൻപ് തനിക്കു പ്രായപൂർത്തിയാവുന്നതിനു മുൻപു ട്രംപും എപ്‌സ്റ്റീനും തന്നെ ലൈംഗികമായി ആക്രമിച്ചെന്നു 2019ൽ യുവതി ആരോപിച്ചതിനെ തുടർന്നു എഫ് ബി ഐ അവരെ ഇന്റർവ്യൂ ചെയ്തിരുന്നു. അതേക്കുറിച്ചു എഫ് ബി ഐ എഴുതിയ മെമ്മോകളാണ് ഡി ഓ ജെ മറച്ചുവച്ചിട്ടുള്ളത്.
എഫ് ബി ഐ നാലു തവണ അവരെ ഇന്റർവ്യൂ ചെയ്തിരുന്നു എന്നു മെമ്മോകളിൽ വ്യക്തമാണ്. എന്നാൽ പുറത്തു വിട്ട രേഖകളിൽ എപ്‌സ്റ്റീന് എതിരായ ആരോപണം മാത്രമേയുള്ളൂ.
ബാക്കി മൂന്ന് മെമ്മോയും മറച്ചു വച്ചു.
ഫെഡറൽ അന്വേഷണം നടക്കുന്നതു കൊണ്ടാവാം ആ രേഖകൾ പുറത്തു വിടാത്തത് എന്നാണ് ഡി ഓ ജെ പറയുന്നത്.
2020 തിരഞ്ഞെടുപ്പിനു മുൻപ് ട്രംപിനെതിരെ ഉയർന്ന 'അസത്യവും വ്യാജവുമായ ആരോപണങ്ങൾ' ആണ് പല രേഖകളിലും ഉള്ളതെന്നു ഡി ഓ ജെ പറഞ്ഞിരുന്നു. ട്രംപ് ആരോപണങ്ങൾ എല്ലാം തന്നെ ആവർത്തിച്ച് നിഷേധിക്കയുണ്ടായി.
എല്ലാ ആരോപണങ്ങളും നുണയാണെന്നു തെളിഞ്ഞിട്ടുണ്ടെന്നു ചൊവ്വാഴ്ച്ച വൈറ്റ് ഹൗസ് ആവർത്തിക്കയും ചെയ്‌തു.
ഇരകളെ സംരക്ഷിക്കാനും അക്രമമോ കുട്ടികളുടെ മേലുള്ള ലൈംഗിക ചൂഷമാണോ ഉണ്ടെങ്കിൽ അവ മറച്ചുവയ്ക്കാനും ഡി ഓ ജെയ്ക്കു നിയമപരമായ അനുമതിയുണ്ട്. ഫെഡറൽ അന്വേഷണം തടസപ്പെടാൻ ഇടയാക്കുന്ന വിവരങ്ങളും മറച്ചു വയ്ക്കാം. എന്നാൽ പൊതു പ്രവർത്തകർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നു തോന്നുന്ന എന്തെങ്കിലും മറച്ചു വയ്ക്കാൻ അനുമതിയില്ല.
2019ൽ എപ്‌സ്റ്റീൻ അറസ്റ്റ് ചെയ്യപ്പെട്ട ശേഷമാണ് യുവതി തുറന്നു പറയാൻ മുന്നോട്ടു വന്നത്. 1980കളിൽ എപ്‌സ്റ്റീൻ തന്നെ ആവർത്തിച്ചു ആക്രമിച്ചെന്നു അവർ പറഞ്ഞു.
2025ലെ ഒരു മെമ്മോയിൽ ട്രംപ് തന്നെ ഘോരമായി ആക്രമിച്ചെന്നു യുവതി പറഞ്ഞതായി ഫെഡറൽ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് 13-15 ആയിരുന്നു പ്രായം.
എന്തു കൊണ്ടാണ് അവരുടെ മൊഴി അടങ്ങുന്ന രേഖകൾ കാണാത്തത് എന്നു ഡി ഓ ജെ വിശദീകരിച്ചിട്ടില്ലെന്നു റെപ്. റോബർട്ട് ഗാർഷ്യ (ഡെമോക്രാറ്റ്-കാലിഫോർണിയ) പറഞ്ഞു. ഇൻഡക്സിൽ പറയുന്ന രേഖകളാണ് കാണാത്തത്.
അവ എന്തു കൊണ്ടു കാണാതായി എന്നത് അന്വേഷിക്കാൻ ഡെമോക്രാറ്റുകൾ തീരുമാനിച്ചിട്ടുണ്ട്.
DoJ has hidden Trump's accuser in released Epstein files