Image

ആരാണ് ഡെസിഗ്നേറ്റഡ് സർവൈവർ?

Published on 25 February, 2026
ആരാണ് ഡെസിഗ്നേറ്റഡ് സർവൈവർ?

വാഷിംഗ്ടൺ ഡി.സി.:  കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ പ്രസിഡന്റ് ട്രംപ് സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗം നടത്തുമ്പോൾ, കാലിഫോർണിയ കോൺഗ്രസ്മാൻ മൈക്ക് ടോംപ്സൺ അതിൽ പങ്കെടുത്തില്ല. അദ്ദേഹം 'ഡെസിഗ്നേറ്റഡ് സർവൈവർ' ആയി തിരഞ്ഞെടുക്കപ്പെട്ടതിനാലാണ് പങ്കെടുക്കാതിരുന്നത്.സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിന് മുൻപേ തന്നെ അദ്ദേഹം സോഷ്യൽ മീഡിയയിൽ നേരിൽ പങ്കെടുക്കില്ലെന്ന് വെളിപ്പെടുത്തിയിരുന്നു.

ഡെസിഗ്നേറ്റഡ് സർവൈവർ എന്നത് ശീതയുദ്ധ കാലഘട്ടത്തിൽ ആരംഭിച്ച ഒരു സുരക്ഷാ നടപടിയാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കാബിനറ്റ് അംഗങ്ങൾ, സുപ്രീം കോടതി ജഡ്ജിമാർ, കോൺഗ്രസ് നേതാക്കൾ തുടങ്ങി രാജ്യത്തിന്റെ പരമോന്നത ഭരണനേതൃത്വം ഒരുമിച്ചു കൂടുന്ന സാഹചര്യത്തിൽ, അപ്രതീക്ഷിതമായ ഒരു ദുരന്തം സംഭവിച്ചാൽ ഭരണത്തിന്റെ തുടർച്ച ഉറപ്പാക്കാനാണ് ഒരാളെ സുരക്ഷിതവും രഹസ്യവുമായ സ്ഥലത്ത് നിലനിർത്തുന്നത്. അത്തരം ദുരന്തമുണ്ടായാൽ, അദ്ദേഹം പ്രസിഡന്റ് പദവി ഏറ്റെടുക്കാനുള്ള ഭരണക്രമത്തിൽ അടുത്ത സ്ഥാനത്തായിരിക്കും.

കഴിഞ്ഞ വർഷം ട്രംപിന്റെ 2025 ലെ പ്രസംഗത്തിനിടെ വെറ്ററൻസ് അഫയേഴ്സ് സെക്രട്ടറി ഡഗ് കോളിൻസായിരുന്നു ഈ ചുമതല നിർവഹിച്ചത്.

ഇതിനിടെ, മൈക്ക് ടോംപ്സന്റെ അതിഥിയായി നാപയിൽ നിന്നുള്ള മറിൻ കോർപ്പ്സ് വെറ്ററനും  സിറ്റി കൗൺസിൽ അംഗം ബേർണി നർവായസ് സഭയിൽ സന്നിഹിതനായിരുന്നു. ചെറിയ വ്യവസായങ്ങളെ ബാധിക്കുന്ന നയങ്ങളെക്കുറിച്ച്  വിമർശനവും ഉന്നയിച്ചു.

ട്രംപിന്റെ ഈ വർഷത്തെ പ്രസംഗത്തിന്റെ ഔദ്യോഗിക തീം 'അമേരിക്ക അറ്റ്  250: സ്‌ട്രോങ് , പ്രോസ്‌പെറസ്‌ ആൻഡ് റെസ്പെക്റ്റഡ് 'എന്നതാണ്. 119-ാമത് കോൺഗ്രസിന് മുന്നിലെ ആദ്യ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗമായതിനാൽ, ഇത് രാഷ്ട്രീയമായി സുപ്രധാനമാണെന്ന് വിലയിരുത്തലുണ്ട്. ഹൗസ് സ്പീക്കറായ മൈക്ക് ജോൺസന്റെ ക്ഷണം സ്വീകരിച്ചാണ് ട്രംപ് പ്രസംഗത്തിന് എത്തിയത്. പ്രസംഗവേദിയിൽ അദ്ദേഹത്തിന് പിന്നിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്പീക്കർ ജോൺസണും ഇരിക്കുന്നതാണ് പതിവ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക