Image

ട്രംപിന്റെ അവകാശവാദങ്ങൾ ചോദ്യം ചെയ്ത് ‘47 ഫാക്ട്-ചെക്കുകൾ’ പുറത്ത് വിട്ട ഡെമോക്രാറ്റുകൾ

Published on 25 February, 2026
ട്രംപിന്റെ അവകാശവാദങ്ങൾ ചോദ്യം ചെയ്ത് ‘47 ഫാക്ട്-ചെക്കുകൾ’ പുറത്ത് വിട്ട ഡെമോക്രാറ്റുകൾ

വാഷിംഗ്ടൺ ഡി.സി.: പ്രസിഡന്റ് ട്രംപ്  നടത്തിയ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിന് പിന്നാലെ ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ ശക്തമായ വിമർശനവുമായി രംഗത്തെത്തി. ഡെമോക്രാറ്റുകൾ 'കള്ളത്തരങ്ങളുടെ കൂമ്പാരമാണെന്ന്' ആരോപിച്ച് മണിക്കൂറുകൾക്കകം ‘ഫാക്ട്-ചെക്ക്’ പട്ടികകൾ പുറത്തുവിട്ട് പ്രസിഡന്റിനെതിരെ അവർ പ്രതികരിച്ചു.
ട്രംപിൻറെ പ്രസംഗത്തിൽ വിലക്കയറ്റം, മോർട്ട്ഗേജ് പലിശനിരക്കുകൾ, ഇന്ധനവില എന്നിവ കുറയുന്നുവെന്നും ഓഹരി വിപണി, എണ്ണ ഉൽപ്പാദനം, വിദേശ നിക്ഷേപം, നിർമാണ മേഖലയും ഫാക്ടറി ജോലികളും വളർച്ചയിലാണെന്നും അവകാശപ്പെട്ടിരുന്നു. ഡെമോക്രാറ്റിക് നേതാക്കൾ ഈ അവകാശവാദങ്ങളെ ചോദ്യം ചെയ്തു.

മിഷിഗൺ പ്രതിനിധി തനേദാർ  '47-ാമത്തെ പ്രസിഡന്റിനുള്ള 47 ഫാക്ട്-ചെക്കുകൾ' എന്ന ശീര്ഷകത്തൊടെയാണ് പട്ടിക പുറത്തിറക്കിയത്. പൊതുജനങ്ങളുടെ ചെലവ് കുറയ്ക്കാനും ട്രംപ്  സമൂഹത്തിന് ഉണ്ടാക്കുന്ന നാശത്തിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിന്മേൽ വയ്ക്കാനും തങ്ങൾ പോരാടും എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ബില്ല്യണയറുകളോടൊപ്പമാണ് ട്രംപ് നിൽക്കുന്നതെന്ന് ആരോപിച്ച തനേദാർ, താരിഫ് നയം മുതൽ കുടിയേറ്റ വിഷയങ്ങൾ വരെ വിവിധ കാര്യങ്ങളിൽ പ്രസിഡന്റിനെ അദ്ദേഹം വിമർശിച്ചു.

വർജീനിയയിൽ നിന്നുള്ള പ്രതിനിധിയായ സുഹാസ് സുബ്രമണ്യം പ്രസംഗം കേട്ട ശേഷം, പ്രസിഡന്റ് ട്രംപ് അമേരിക്കൻ ജനതയ്‌ക്കൊപ്പം യാഥാർത്ഥ്യത്തിൽ ജീവിക്കുന്നില്ലെന്ന് ഈ പ്രസംഗം തെളിയിച്ചു എന്ന് അഭിപ്രായപ്പെട്ടു. വില കുറഞ്ഞുവെന്ന അവകാശവാദം കുടുംബങ്ങൾക്കും ചെറുകിട വ്യാപാരികൾക്കും അനുഭവപ്പെടുന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എപ്സ്റ്റീൻ വിഷയത്തിൽ ട്രംപിന്റെ നിലപാടിനെതിരെ പ്രതിഷേധ സൂചകമായി, ഇരകളിൽ ഒരാളായ വർജീനിയ റോബർട്സ് ജിയുഫ്രെയുടെ ബന്ധുക്കളോടൊപ്പമാണ് അദ്ദേഹം സഭയിൽ പങ്കെടുത്തത്.

കാലിഫോർണിയയിൽ നിന്നുള്ള ആമി ബെറയും ട്രംപിനെതിരെ പ്രതികരിച്ചു. അമേരിക്കൻ ജനങ്ങളെ സംരക്ഷിക്കുകയും ഭരണഘടന കാക്കുകയും ചെയ്യുക എന്നതാണ് തന്റെ ഉത്തരവാദിത്വം എന്നും വ്യക്തമാക്കി.

അതേസമയം, വാഷിംഗ്ടൺ പ്രതിനിധിയായ പ്രമീള ജയ്പാൽ ഔദ്യോഗിക സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗം ബഹിഷ്‌കരിച്ച് ‘പീപ്പിൾസ് സ്റ്റേറ്റ് ഓഫ് ദി യൂണിയൻ’ എന്ന പേരിൽ സമാന്തര പരിപാടിക്ക് നേതൃത്വം നൽകി. ട്രംപിന്റെ നയങ്ങൾ ബാധിച്ചവരായ ആരോഗ്യപ്രവർത്തകർ, കുടിയേറ്റ കുടുംബങ്ങൾ, ഉയർന്ന ചെലവുകളിൽ വലയുന്ന പൗരന്മാർ എന്നിവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതായിരുന്നു പ്രസ്തുത പരിപാടി.

"ചെലവുകൾ ഉയർന്നിരിക്കുകയാണ്, തൊഴിൽക്ഷാമം ഉയർന്നിരിക്കുകയാണ്, ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. കുടിയേറ്റക്കാരെയും ട്രാൻസ് സമൂഹത്തെയും കുറ്റപ്പെടുത്തുന്നത് യാഥാർത്ഥ്യം മാറ്റില്ല,”  ജയപാൽ പറഞ്ഞു.

ട്രംപിന്റെ പ്രസംഗത്തെ പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കൻ നേതാക്കളും ശക്തമായി പ്രതികരിച്ചെങ്കിലും, ഡെമോക്രാറ്റുകളുടെ ഏകോപിതമായ ‘ഫാക്ട്-ചെക്ക്’ നീക്കം യു.എസ്. രാഷ്ട്രീയത്തിൽ മിഡ്‌ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. അമേരിക്കൻ മലയാളി സമൂഹവും ഈ രാഷ്ട്രീയ ഏറ്റുമുട്ടലിനെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക