Image

റെയിൽവേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണം, മന്ത്രിയുടെ കൈയിലെ മുറിവ് ദിവസങ്ങൾക്ക് മുൻപുള്ളത് : അലോഷ്യസ് സേവ്യർ

Published on 25 February, 2026
റെയിൽവേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണം, മന്ത്രിയുടെ കൈയിലെ മുറിവ്   ദിവസങ്ങൾക്ക് മുൻപുള്ളത്  : അലോഷ്യസ് സേവ്യർ

കണ്ണൂർ: കെഎസ് യു പ്രതിഷേധത്തിനിടെയാണ് ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്കേറ്റതെന്ന വാദത്തെ പൂർണമായി തള്ളി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടാൽ മന്ത്രിയുടെ നാടകം പൊളിയുമെന്ന് അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പ്രതികരിച്ചു. കൈക്ക് പരിക്കേറ്റു എന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രിയുടെ കഴുത്തിലാണല്ലോ ബെൽറ്റ് ഇട്ടിരിക്കുന്നതെന്നും അലോഷ്യസ് പരിഹാസപൂർവ്വം ചോദിച്ചു.

വീണ ജോർജിന്റെ കയ്യിലെ പരിക്ക് നേരത്തെ പറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിപാടികളുടെ വിഷ്വലുകളിൽ ആ പരിക്ക് കാണാമെന്നും അലോഷ്യസ് പറഞ്ഞു.

'വീണ ജോർജ് എന്ന് പറയുന്ന കേരളത്തിന്റെ ആരോഗ്യമന്ത്രി ഒരു പൊതുപ്രവർത്തകയുടെ നിലവാരത്തിലേക്ക് ഇനിയും ഉയർന്നിട്ടില്ല എന്നാണ് ആശുപത്രി നാടകത്തിൽ നിന്നും വ്യക്തമാകുന്നത്. പണ്ട് മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ അതേ അഭിനയപാടവാണ് മന്ത്രി ഇപ്പോഴും കാണിക്കുന്നത്. കേരളത്തിന്റെ ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലാണ്. സാധാരണക്കാർക്ക് സർക്കാർ ആശുപത്രികളിൽ നിന്നും ആവശ്യമായ ചികിത്സ ലഭിക്കാനുള്ള സാഹചര്യമില്ല. കൈക്ക് പരിക്കേറ്റ് ചെല്ലുന്നവർക്ക് കണ്ണിന് ഓപ്പറേഷൻ നടത്തിവിടുന്ന അവസ്ഥയാണ്.

കേരളത്തിന്റെ ഏറ്റവും മോശം വകുപ്പികളിലൊന്നായി ആരോഗ്യവകുപ്പ് മാറിക്കഴിഞ്ഞു. വനിതയാണ് എന്ന പേരിൽ ഇടത് നേതാക്കൾ ആരോഗ്യമന്ത്രിക്ക് വലിയ പ്രൊട്ടക്ഷൻ ഒരുക്കുകയാണ്. അപ്പോൾ ആരോഗ്യമേഖല താഴേക്ക് പോവുകയാണ്. നിസാര രോഗവുമായി എത്തുന്നവർ മൂക്കിൽ പഞ്ഞിവെച്ച് ഇറങ്ങേണ്ട അവസ്ഥയാണ്.

കെഎസ്‌യുവും യൂത്ത് കോൺഗ്രസും നടത്തുന്ന പ്രതിഷേധം കേരളീയ സമൂഹത്തിന്റേതാണ്. നാലോ അഞ്ചോ കെഎസ്‌യു പ്രവർത്തകരാണ് ഇന്ന് റെയിൽവേ സ്‌റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തിയത്. മന്ത്രിക്ക് ചുറ്റും 25 ഓളം പൊലീസുകാർ ചേർന്ന് സംരക്ഷണവലയം ഒരുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കെഎസ്‌യു പ്രവര്‍ത്തകര്‍ ഒരിക്കലും മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ലെന്ന് വളരെ വ്യക്തമാണ്. സമരക്കാർക്ക് നേരെ ആക്രോശിച്ച് വരുന്ന, കെഎസ് യുക്കാർക്ക് നേരെ അസഭ്യം പറയുന്ന ആരോഗ്യമന്ത്രിയെയാണ് പിന്നീട് വിഷ്വലുകളിൽ കാണാനാകുന്നത്. വ്യാജവാർത്തകൾ കൊണ്ട് സമരം നടത്തിയ കെഎസ്‌യു പ്രവർത്തകരെ കൊത്തിവലിക്കാമെന്ന് കരുതേണ്ട.

മന്ത്രിയുടെ കയ്യിൽ ഉള്ളത് നേരത്തെ ഉണ്ടായ പരിക്കാണ് എന്ന് വ്യക്തമാണ്. രണ്ട് ദിവസം മുൻപ് ദേശാഭിമാനിയുടെ പരിപാടിയിലും ഇന്ന് മട്ടന്നൂരിൽ വെച്ച് നടന്ന പരിപാടിയുടെ ദൃശ്യങ്ങളിലും മന്ത്രിയുടെ കൈകളിലെ പരിക്ക് വ്യക്തമായി കാണാം. ഏതെങ്കിലും ഒരു വിഷ്വലിൽ കെഎസ്‌യുക്കാർ മന്ത്രിയെ ആക്രമിക്കുന്നത് കാണുന്നുണ്ടോ. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണം. അപ്പോൾ മന്ത്രി നടത്തിയത് നാടകമാണെന്ന് വ്യക്തമാകും. അത് മന്ത്രിക്ക് മാത്രമല്ല സർക്കാരിനും വലിയ അപമാനമുണ്ടാകും. സിമ്പതി പിടിച്ചുപറ്റാനും രക്തസാക്ഷി പരിവേഷത്തിനും വേണ്ടിയാണ് മന്ത്രി ശ്രമിക്കുന്നത്.

റെയിൽവേ സ്റ്റേഷനിൽ വെച്ച് കൈയ്ക്കാണ് പരിക്കേറ്റത് എന്നാണ് പറഞ്ഞത്. പക്ഷെ ആശുപത്രിയിലെത്തിയപ്പോൾ കഴുത്തിനായി. മന്ത്രി കൈക്ക് പരിക്കുമായി മെഡിക്കൽ കോളേജിലെത്തിയപ്പോൾ കഴുത്തിനാണ് ബെൽറ്റ് ഇട്ടത്. ഇതാണ് കേരളത്തിലെ സർക്കാർ ആശുപത്രികളിലും സംഭവിക്കുന്നത്. കെെക്ക് പരിക്കേറ്റവര്‍ക്ക് കണ്ണിന് ഓപ്പറേഷന്‍ നടത്തും, കഴുത്തില്‍ ബെല്‍റ്റിടും, ' അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ചികിത്സാപ്പിഴവുകളടക്കം ആരോഗ്യമേഖലയ്‌ക്കെതിരെ ഉയരുന്ന നിരവധി പരാതികൾ ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് സംസ്ഥാന വ്യാപകമായി സമരം നടത്തുന്നത്. വീണ ജോർജിന്റെ ഔദ്യോഗിക വസതിയിൽ കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വെച്ച സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കണ്ണൂരിൽ വെച്ച് കെഎസ് യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക