Image

ആരോഗ്യ മന്ത്രിക്ക് പരിക്കേറ്റ സംഭവം: കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍; സംസ്ഥാന വ്യാപക പ്രതിഷേധവുമായി സിപിഎം

Published on 25 February, 2026
ആരോഗ്യ മന്ത്രിക്ക് പരിക്കേറ്റ സംഭവം: കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍; സംസ്ഥാന വ്യാപക പ്രതിഷേധവുമായി സിപിഎം


കൊച്ചി: കണ്ണൂരില്‍ കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഎം. കണ്ണൂരില്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും മുതിര്‍ന്ന നേതാവ് പി ജയരാജനും എംഎല്‍എമാരുള്‍പ്പെടെയുള്ളവരും പ്രതിഷേധപ്രകടനം നടത്തി. തിരുവനന്തപുരത്ത് ഡിവൈഎഫ് ഐ പ്രവര്‍ത്തകള്‍ പന്തംകൊളുത്തി  പ്രകടനം സംഘടിപ്പിച്ചു.

പാലക്കാട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ കോണ്‍ഗ്രസിന്റെ ബോര്‍ഡുകള്‍ ഉള്‍പ്പെടെ തകര്‍ത്തു. എസ്എഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. എസ്എഫ്‌ഐ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയങ്ങാടിയിലും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കെഎസ്‌യു വിനെതിരേയും കോണ്‍ഗ്രസിനെതിരേയും മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

അതിനിടെ, കണ്ണൂരിലെ സംഭവത്തില്‍ കെഎസ് യു പ്രവര്‍ത്തകരെ  കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. അതുല്‍, യാസീന്‍, മുബാസ്, അക്ഷയ്, ബിദുല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

എന്നാല്‍, പ്രതിഷേധക്കാര്‍ മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം. മന്ത്രിക്കെതിരെ കയ്യേറ്റം ഉണ്ടായെന്നത് ആരോപണം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പ്രതിഷേധ സ്ഥലത്ത് മൂന്നോ നാലോ കെ.എസ്.യുക്കാരും 35 പൊലീസുകാരുമാണ് ഉണ്ടായിരുന്നത്. പുറത്തുവന്ന ദൃശ്യങ്ങള്‍ പ്രകാരം ഒരു കെഎസ്‌യുക്കാരനും മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ല. സംഭവത്തില്‍ പ്രാഥമികമായ അന്വേഷണം നടത്തിയിട്ടുണ്ട്. മന്ത്രിക്കെതിരെ കൈയേറ്റമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കാന്‍ ഒരു മടിയുമില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക