
ന്യൂയോർക്ക്: അമേരിക്കൻ ടെലിവിഷൻ ലോകത്തെ സുപരിചിത മുഖമായ സവാന ഗത്രി തന്റെ 84 കാരിയായ അമ്മ നാൻസി ഗത്രിയെ കണ്ടെത്താൻ സഹായിക്കുന്ന നിർണായക വിവരങ്ങൾ കൈമാറുന്നവർക്ക് 1 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു. മൂന്ന് ആഴ്ചകൾക്ക് മുൻപ് അരിസോണയിലെ ടൂസൺ നഗരത്തിന് വടക്കുഭാഗത്തെ വീട്ടിൽ നിന്നാണ് നാൻസിയെ കാണാതായത്.
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് ഗത്രി ഈ പ്രഖ്യാപനം നടത്തിയത്. അമ്മ ഇപ്പോഴും ജീവനോടെയുണ്ടാകാമെന്ന പ്രതീക്ഷ കുടുംബം കൈവിടുന്നില്ലെന്ന് അവർ വ്യക്തമാക്കി. ഇനി ജീവനില്ലെങ്കിൽ പോലും, അമ്മ എവിടെയാണെന്ന് അറിയേണ്ടതുണ്ടെന്ന് വികാരാധീനയായി ഗത്രി പറഞ്ഞു.
കുടുംബം പ്രഖ്യാപിച്ച 1 മില്യൺ ഡോളർ പാരിതോഷികം എഫ്ബിഐ പ്രഖ്യാപിച്ച 100,000 ഡോളറിന് പുറമേയുള്ളതാണ്. നാൻസിയെ കണ്ടെത്താൻ വഴിയൊരുക്കുന്ന വിവരങ്ങൾക്കും അപഹരണത്തിൽ പങ്കെടുത്തവരെ ശിക്ഷിക്കാൻ സഹായിക്കുന്ന വിവരങ്ങൾക്കുമാണ് എഫ്ബിഐ -യുടെ പാരിതോഷികം. കൂടാതെ ടൂസൺ ആസ്ഥാനമായ ഒരു ക്രൈം ഹോട്ട്‌ലൈനും 100,000 ഡോളർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഫെബ്രുവരി 1-ന് പുലർച്ചെ സ്വന്തം വീട്ടിൽ നിന്നാണ് നാൻസി ഗത്രിയെ കാണാതായത്. കേസിൽ ഇതുവരെ പുറത്തുവന്ന പ്രധാന തെളിവ് 44 സെക്കന്റ് ദൈർഘ്യമുള്ള ഡോർബെൽ ക്യാമറ ദൃശ്യങ്ങളാണ്. മുഖംമൂടി ധരിച്ച് ആയുധവുമായി ഒരാൾ വീട്ടുവാതിലിലേക്ക് അടുത്തുവരുന്നതാണ് ദൃശ്യത്തിൽ കാണുന്നത്.
നൂറുകണക്കിന് അന്വേഷണ ഉദ്യോഗസ്ഥരെ കേസിൽ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച, നാൻസിയുടെ മക്കളെയും മരുമക്കളെയും ഉൾപ്പെടെ കുടുംബാംഗങ്ങളെ സംശയപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി അധികൃതർ വ്യക്തമാക്കി. ആയിരക്കണക്കിന് സൂചനകൾ ലഭിച്ചിട്ടുണ്ടെങ്കിലും, അപഹരണത്തിന് പിന്നിൽ ആരാണെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
കുടുംബത്തിന്റെ വേദനയെ സാമൂഹിക പ്രതിബദ്ധതയാക്കി മാറ്റാനുള്ള ശ്രമമായി, ഗത്രി കുടുംബം നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ എന്ന സംഘടനയ്ക്ക് 500,000 ഡോളർ സംഭാവന നൽകുകയും ചെയ്തു.
കഴിഞ്ഞ രണ്ട് ആഴ്ചകളായി അന്വേഷണം കൂടുതൽ സൂചനകൾ ശേഖരിക്കുന്നതിലേക്കാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.