Image

മന്ത്രി വീണാ ജോർജിനെതിരായ അക്രമം ഹീനരാഷ്ട്രീയം; പിണറായി വിജയൻ

Published on 25 February, 2026
മന്ത്രി വീണാ ജോർജിനെതിരായ അക്രമം ഹീനരാഷ്ട്രീയം; പിണറായി വിജയൻ

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ ഉണ്ടായ ആക്രമണം കോൺഗ്രസിന്റെ ഹീനമായ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ജനാധിപത്യപരമായ പ്രതിഷേധമല്ലെന്നും മറിച്ച് അക്രമികളുടെ വിളയാട്ടമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോവുകയായിരുന്ന മന്ത്രിക്കെതിരെ നടന്ന ആക്രമണം അത്യന്തം അപലപനീയമാണെന്നും കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർത്ത് സംസ്ഥാനത്തെ കലാപഭൂമിയാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേതെന്ന് എല്ലാ ഔദ്യോഗിക ഏജൻസികളും അംഗീകരിച്ചിട്ടുള്ളതാണ്. എന്നാൽ ചില ഒറ്റപ്പെട്ട സംഭവങ്ങൾ പർവ്വതീകരിച്ച്, അതിൽ യാതൊരു പങ്കുമില്ലാത്ത മന്ത്രിക്കെതിരെ ഇത്തരം ക്രൂരമായ കടന്നാക്രമണം നടത്തുന്നത് രാഷ്ട്രീയ ആഭാസമായി മാത്രമേ കാണാൻ കഴിയൂ. തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകർക്കാമെന്ന് കോൺഗ്രസ് നേതൃത്വം കരുതരുത്. ഈ സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം കോൺഗ്രസിനും യുഡിഎഫ് നേതൃത്വത്തിനുമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് രാഷ്ട്രീയത്തെ മലീമസമാക്കുന്ന യുഡിഎഫ് ശൈലിയുടെ പ്രതിഫലനമാണ് കെഎസ്‌യു അക്രമികളിലൂടെ പുറത്തുവന്നത്. രാഷ്ട്രീയമായ വിയോജിപ്പുകൾ പ്രകടിപ്പിക്കേണ്ടത് ഇത്തരത്തിലല്ല. മന്ത്രിക്കെതിരെ നടന്നത് കരുതിക്കൂട്ടിയുള്ള അക്രമമാണെന്നും ഇതിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക