Image

എയിംസ് സ്ഥാപിക്കേണ്ടത് വയനാട്ടിൽ

Published on 24 February, 2026
എയിംസ് സ്ഥാപിക്കേണ്ടത് വയനാട്ടിൽ

 

നടവയൽ: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിക്കേണ്ടത് കേരളത്തിലെ പിന്നോക്ക ജില്ലയായ വയനാട്ടിൽ ആയിരിക്കണമെന്ന്, ഓർമ്മ ഇന്റർനാഷനൽ ഇന്ത്യ റീജിയൻ യോഗം ആവശ്യപ്പെട്ടു. എയിംസ് വയനാട്ടിലെത്തിയാൽ  കേരളം, തമിഴ് നാട്, കർണ്ണാടക എന്നീ മൂന്നു സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക്‌ ഒരു പോലെ പ്രയോജനപ്രദമാകും. പൂർണ്ണ സജ്ജമായ ഒരു മെഡിക്കൽ കോളേജ് ഇപ്പോഴും വയനാട്ടിൽ ഇല്ല. ഗതാഗതകുരുക്കും, ചുരവും കടന്ന് ഒരു രോഗി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്നതു വരെ ജീവൻ കയ്യിലുണ്ടാവുമെന്ന് യാതൊരു ഉറപ്പുമില്ല. ഗൂഡല്ലൂർ നിവാസികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂർ എത്തുവാൻ ഏറെ സമയം എടുക്കും. വയനാട്ടിലെ 3 ലക്ഷം ഗോത്ര വർഗ്ഗക്കാർക്കും വിദഗ്ദ്ധ ചികിത്സ ലഭ്യമാകും, വയനാട്ടിൽ എയിംസ് സ്ഥാപിക്കപ്പെട്ടാൽ. 

മെഡിക്കൽ ടൂറിസത്തിനും സാധ്യതകൾ ഏറെയാണ്. എയിംസ്‌ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ബീനാച്ചിയിൽ സർക്കാർ ഉടമയിലുള്ള 500 ഏക്കർ സ്ഥലം ഉപയുക്തമാക്കാൻ കഴിയും. അതല്ലെങ്കിൽ വയനാടിന്റെ മധ്യഭാഗത്ത് മടക്കി മലയിൽ മെഡിക്കൽ കോളേജിനായി വിട്ടു നൽകിയ 50 ഏക്കർ സ്ഥലവുമുണ്ട്. ഭാവിയിൽ വികസിപ്പിക്കുവാനും കഴിയും.

ഓർമ്മ ഇന്റർനാഷനൽ ഇന്ത്യ റീജിയൻ രക്ഷാധികാരി വിൻസന്റ് നട വയൽ പ്രമേയം അവതരിപ്പിച്ചു. നെകൽ സംവിധായകൻ എം.കെ. രാമദാസിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. നടവയലിലെ ചാനൽ പ്രവർത്തകരേയും, കലാപ്രതിഭകളേയും ഓർമ്മ ഇന്റർനാഷനൽ ഇന്ത്യ റീജിയൻ ആദരിക്കുകയുണ്ടായി. ഓർമ്മയുടെ പ്രസിഡണ്ട് കെ.ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യ ലിഷു, പനമരം പഞ്ചായത്ത് മെമ്പർ രാജൻ, ഓർമ്മ സെക്രട്ടറി ഷീജ തങ്കച്ചൻ, ട്രഷറർ ജോബി, ഏ.സി.തോമസ്, ബാബു ചിറപ്പുറം, ഷാജൻ സ്കറിയ, ബിനു മാങ്കൂട്ടത്തിൽ, സ്റ്റാൻലി, ബാബു വയനാട് തുടങ്ങിയവർ പ്രസംഗിച്ചു. ഓർമ്മ ഇന്റർ നാഷനൽ മുൻ പ്രസി ഡണ്ട് ജോർജ്ജ് നടവയൽ ഫിലാൽഡൽഫിയിൽ നിന്നും ആശംസകളറിയിച്ചു. 

യോഗശേഷം നെകൽ ഡോക്യുമെന്ററിയുടെ പ്രദർശനവുമുണ്ടായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക