
ശബരിമലയിലെ സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ചും കുറ്റക്കാരെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും ബിജെപി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നിൽ ‘അയ്യപ്പജ്യോതി’ തെളിയിച്ചു. പരിപാടി ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, നാടിന്റെ വിശ്വാസവും സംസ്കാരവും നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. സ്വർണക്കൊള്ള നടന്ന് ആറുമാസം കഴിഞ്ഞിട്ടും യഥാർത്ഥ പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമല സ്വർണക്കൊള്ളക്കേസ് സിബിഐക്ക് വിടണമെന്നും വിശ്വാസ സംരക്ഷണത്തിനായി സമരം ചെയ്തവർക്കെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തത് ജനശ്രദ്ധ തിരിക്കാനാണെന്നും 2018-ൽ നൽകിയ സത്യവാങ്മൂലം തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ശബരിമല തന്ത്രിയെ അപമാനിക്കുകയാണെന്നും സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.