
കൊച്ചി: വൈറ്റില റെയില്‍വേ ട്രാക്കിനു സമീപം യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. പൊന്നുരുന്നി സ്വദേശിയായ ഷാജിയെ കാക്കനാട് നിന്നാണ് പൊലീസ് പിടികൂടിയത്. ഇവര്‍ കൊല്ലപ്പെടുന്നതിനു മുമ്പുള്ള സിസിടിവി ദൃശ്യങ്ങളിലൂടെയാണ് മരിച്ച സ്ത്രീയെയും പ്രതിയേയും തിരിച്ചറിഞ്ഞത്. ഹൈക്കോടതിയിലെ മുന്‍ ജീവനക്കാരനാണ് പ്രതി. ഇരുവരും സുഹൃത്തുക്കളാണെന്നും പൊലീസ് പറയുന്നു. കൊല്ലപ്പെട്ടത് കോട്ടയം ചിങ്ങവനം സ്വദേശി സുധാ ബേബിയാണെന്ന് പൊലിസ് അറിയിച്ചു.
പ്രതിയും യുവതിയും കാറില്‍ വന്നിറങ്ങുന്നതും നടന്നു പോകുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി 11.30ഓടെയാണ് വൈറ്റില റെയില്‍വേ ട്രാക്കിനു സമീപം സുധ ബേബി ഷാജിക്കൊപ്പം കാറില്‍ വന്നിറങ്ങിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. റെയില്‍വേ ട്രാക്കിന് സമീപത്ത് വെച്ചാണ് കൊലപാതകം നടന്നത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. തലയ്ക്കും മുഖത്തിനും പരുക്കുകളുണ്ടായിരുന്നു.
പ്രതിയെ പൊലീസ് മരട് സ്റ്റേഷനിലെത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ പിടികൂടാനും പൊലിസിന് കഴിഞ്ഞു. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സുധയുടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ബന്ധുക്കളെ വിവരം അറിയിച്ചതായും പൊലീസ് പറഞ്ഞു. പ്രതി തിരികെ കാറില്‍ കയറുന്ന ദൃശ്യങ്ങളില്‍ രക്തക്കറ കണ്ടെത്തിയിരുന്നു.
രാവിലെ ഏഴുമണിയോട് കൂടി വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ട്രെയിന്‍ ഓടാത്ത ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്.
മൃതദേഹത്തില്‍ മുറിപ്പാടുകളുണ്ടെന്ന് പൊലിസ് കമ്മീഷണര്‍ അറിയിച്ചു. മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണിലെ സിം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ച യുവതിയെ തിരിച്ചറിഞ്ഞത്. 35 വയസാണ് ഇവരുടെ പ്രായം. ഇവര്‍ ധരിച്ചിരുന്ന വസ്ത്രത്തില്‍ കൊച്ചിയിലെ ഒരു കടയുടെ സ്റ്റിക്കറും കണ്ടെത്തിയിട്ടുണ്ട്. കോട്ടയം സ്വദേശിയായ യുവതി എങ്ങനെ ഇവിടെയെത്തി, ആരാണ് ഇവിടേക്ക് എത്തിച്ചത് എന്നതുള്‍പ്പടെ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
യുവതിയെ മറ്റൊരു സ്ഥലത്ത് വച്ച് കൊലപ്പെടുത്തിയ ശേഷം ഇവിടെ തളളിയാതാകാമെന്നാണ് പൊലീസ് പറയുന്നത്. ട്രെയിന്‍ പോകുന്ന ട്രാക്കിലേക്ക് മൃതദേഹം വയ്ക്കുന്നതിന് പകരം ഉപേക്ഷിച്ച ട്രാക്കിന്റെ പാളത്തില്‍ മൃതദേഹം വച്ചതാണ് കൊലപാതിക്കു പറ്റിയ പിഴവ്. ട്രെയിന്‍ ഇടിച്ചതിന്റെ ഒരു പരിക്കും യുവതിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ല. ട്രെയിന്‍ വന്നു കയറിയാല്‍ ഒരു സാധാരണ ട്രെയിന്‍ അപകടം എന്ന രീതിയിലേക്ക് മാറുമെന്ന് കൊലപാതകി കരുതിയിരിക്കണമെന്നും പൊലീസ് പറയുന്നു.
ഇന്നലെ രാത്രിയായിരിക്കാം മൃതദേഹം ഇവിടെ കൊണ്ടിട്ടതെന്നാണ് പൊലീസിന്റെ നിഗമനം. ട്രാക്കിനു മുകളില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.