
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച ആയുധധാരിയായ യുവാവിനെ രഹസ്യാന്വേഷണ വിഭാഗം വധിച്ചു. ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള വസതിയായ മാർ-എ-ലാഗോയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചയാളെയാണ് യുഎസ് സീക്രട്ട് സർവീസ് വെടിവച്ചു കൊലപ്പെടുത്തിയത്.
ഞായറാഴ്ച പുലർച്ചെ പ്രാദേശിക സമയം 01:30 ഓടെയാണ് സംഭവം. നോർത്ത് ഗേറ്റിനു സമീപമാണ് അക്രമിയെ കണ്ടതെന്നും ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സീക്രട്ട് സർവീസ് അറിയിച്ചു. 20 വയസ്സ് പ്രായം തോന്നിക്കുന്ന വ്യക്തിയാണ് കൊല്ലപ്പെട്ടതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
തോക്കും ഇന്ധന കാൻ പോലെ തോന്നിക്കുന്ന വസ്തുവും പിടിച്ചുകൊണ്ടാണ് വസതിയുടെ സുരക്ഷിതമായ പരിധിക്കുള്ളിലേക്ക് അക്രമി നിയമവിരുദ്ധമായി കടക്കാൻ ശ്രമിച്ചതെന്ന് സീക്രട്ട് സർവീസ് അറിയിച്ചു. സംഭവ സമയം, ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇരുവരും വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് ഹൗസിലായിരുന്നുവെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആക്രമണ ശ്രമത്തെത്തുടര്‍ന്ന് മാര്‍ എ ലാഗോയുടെ സുരക്ഷ ശക്തമാക്കുകയും പ്രദേശം പൂര്‍ണ്ണമായും സീക്രട്ട് സര്‍വീസിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. നേരത്തെയും ട്രംപിന് നേരെ വധശ്രമങ്ങള്‍ ഉണ്ടായിട്ടുള്ള പശ്ചാത്തലത്തില്‍ അതീവ ഗൗരവത്തോടെയാണ് അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ ഈ സംഭവത്തെ കാണുന്നത്.