Image

ഏദനിലെ താമസക്കാർ (നോവല്‍-4 : ലൈല അലക്‌സ്)

Published on 22 February, 2026
ഏദനിലെ താമസക്കാർ (നോവല്‍-4 : ലൈല അലക്‌സ്)

4.
മുറ്റത്തു ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ചയായിരുന്നു റീത്താമ്മ കണ്ടത്: വനജയും ബീനയും തമ്മിൽ പൊരിഞ്ഞ മൽപ്പിടുത്തം നടക്കുകയായിരുന്നു അവിടെ.  വനജയുടെ മുടിയ്ക്കു കുത്തിപ്പിടിച്ചിരിക്കയായിരുന്നു ബീന. വനജ ബീനയുടെ അരയ്ക്കു വിടാതെ പിടിച്ചിരിക്കയും ഇതിനു നടുവിൽ, വനജയുടെ മുടിയിൽ നിന്നും ബീനയുടെ പിടിവിടുവിക്കാൻ ശ്രമിച്ചുകൊണ്ട് സുമയും.
'എന്താ എന്താ ഇവിടെ...?' റീത്താമ്മ പകെച്ചു നിന്ന് പോയി. 
ബീന എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. 
'എന്താ, എന്താ നീ പറയുന്നത്?' സുമ ബീനയോടു ചോദിച്ചു.
'എന്നെ… എന്നെ കൊല്ലാൻ വന്നു' ബീന കിതച്ചു 
'ആര്?' റീത്താമ്മയും, സുമയും ഒന്നിച്ചു ചോദിച്ചു. റീത്താമ്മയും സുമയും ചേർന്ന്, ബീനയുടേയും വനജയുടേയും പിടിവിടുവിച്ചു. 
'ഇവിടെ പതുങ്ങിയിരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ ഓടി...' ബീന അപ്പോഴും കിതക്കുകയായിരുന്നു. 
'ആര്? ഇത് വനജയല്ലേ? നിനക്ക് വനജയെ അറിയില്ലേ?' 
‘നോ…. ഇവിടെ പതുങ്ങിയിരിക്കുകയായിരുന്നു.’  
'ഛേ! എന്താ ഇപ്പറയുന്നത്? ഞാൻ പതുങ്ങിയിരിക്കുകയായിരുന്നു എന്നോ? എവിടെ?'
വനജ എല്ലാവരേയും മാറിമാറി നോക്കി.
'ഞാൻ അവിടെ ചെടിയ്ക്കു നനച്ചുകൊണ്ടിരിക്കുമ്പോഴാണ് ബീന റോഡിലേക്ക്‌ ഓടുന്നത് കണ്ടത്... ഈ വേഷത്തിൽ പുറത്തേക്കു പോകുന്നത് കണ്ടപ്പോൾ എന്തോ അപകടമാണെന്ന് കരുതി ഓടി വന്നതാണ്‌'
കുടുക്കുകൾ ഒട്ടുമുക്കാലും അഴിഞ്ഞു കിടക്കുകയായിരുന്ന ബീനയുടെ നൈറ്റ്ഗൗണിലേക്കു ചൂണ്ടിക്കൊണ്ട് വനജ പറഞ്ഞു. 
'ഞാൻ പിടിച്ചില്ലായിരുന്നെങ്കിൽ ഈ കുട്ടി ഇപ്പോൾ പോയ ആ ലോറിയ്ക്കു മുൻപിൽ ചാടിയേനെ...'  
റീത്താമ്മയും സുമയും ഞെട്ടലോടെ പരസ്പരം നോക്കി. അവരുടെ നോട്ടം അടഞ്ഞുകിടക്കുന്ന ഗെയ്റ്റിലേക്കു നീണ്ടു. അവരുടെ കണ്ണുകളെ പിന്തുടർന്ന് വനജയും ഗേറ്റിലേക്ക് നോട്ടം നീട്ടി. ചേർത്ത് അടച്ച ഗേറ്റ് കണ്ടു, അമ്പരപ്പോടെ അവൾ ചോദിച്ചു: 'ആരാ ഇതിനിടെ ആ ഗേറ്റ് അടച്ചത്?'

അവൾ ഗേറ്റിനടുത്തേക്കു ചെന്ന്, അതിൽ പിടിച്ചു നോക്കി. 'ഈശ്വരാ... ആരാ ഇത് പൂട്ടിയത്?' 
'അതെ... അത് പൂട്ടിക്കിടക്കുകയാണ്. ഇന്ന് അത് തുറന്നതേയില്ല. രാജുച്ചായൻ മണിമലയ്ക്കു പോയിരിക്കുകയാ… എബി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്നിട്ടുമില്ല. അപ്പോൾ പിന്നെ ആര് തുറക്കാൻ?' സുമ സംശയത്തോടെ വനജയെ നോക്കി. 
'ഞാൻ കണ്ടതാണ് ഇവിടെ പതുങ്ങിയിരിക്കുന്നത്...' ബീന തറപ്പിച്ചു പറഞ്ഞു. അവൾ അപ്പോഴും ക്രുദ്ധയായി വനജയെ നോക്കുന്നുണ്ടായിരുന്നു.
ഒന്നും മനസ്സിലാകാതെ റീത്താമ്മയും സുമയും വനജയേയും ബീനയേയും  മാറിമാറി നോക്കി. 
സുമ അകത്തു ചെന്ന് താക്കോൽ എടുത്തുകൊണ്ടുവന്ന് ഗേറ്റ് തുറന്നു. പെട്ടെന്ന് എല്ലാവരെയും തള്ളിമാറ്റി, ബീന അകത്തേക്ക് കയറിപ്പോയി, അവളുടെ മുറിയുടെ വാതിൽ ആഞ്ഞടച്ച ശബ്ദം മുറ്റത്തു നിൽക്കുകയായിരുന്ന അവർ എല്ലാവരും കേട്ടു.
പിന്നെ വനജയും അവിടെ നിന്നില്ല; തൊട്ടപ്പുറത്തുള്ള സ്വന്തം വീട്ടിലേക്കു പോയി. അവളുടെ മുഖം വിളറിയിരുന്നു. 
മുറ്റത്തെ അസാധാരണമായ ശബ്ദങ്ങൾ കേട്ട് ജോർജ് കാര്യം അറിയാതെ വിഷമിക്കുകയായിരുന്നു. ഒന്ന് രണ്ടു പ്രാവശ്യം അയാൾ ഉറക്കെ വിളിച്ചു നോക്കി: 'റീത്താമ്മേ...'  
അയാൾ വീണ്ടും വിളിച്ചപ്പോൾ റീത്താമ്മ ജോർജിൻറെ മുറിയിലേക്ക് നടന്നു. സംഭവങ്ങൾ കേട്ടപ്പോൾ അയാളും പകെച്ചുപോയി.  
'അച്ചായാ, എനിക്ക് ഒന്നും മനസ്സിലാവുന്നില്ല... എന്താണ്, ആരെയാണ് വിശ്വസിക്കേണ്ടത്?' 
അവർ അയാളുടെ അടുത്തായി തല കുമ്പിട്ടിരുന്നു.
 

Read More: https://www.emalayalee.com/writer/69

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക