
തിരുവനന്തപുരം : തൊണ്ടി മുതൽ തിരിമറി കേസിൽ ഹൈക്കോടതിയെ സമീപിച്ച് മുൻ മന്ത്രി ആന്റണി രാജു. ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. വിചാരണക്കോടതി വിധിക്കെതിരെ ആന്റണി രാജു സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജിയാണ് തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. വിചാരണക്കോടതി പുറപ്പെട്ടുവിച്ച ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാണ് ആന്റണി രാജു അപ്പീലില്‍ ആവശ്യപ്പെട്ടത്. താൻ നല്‍കിയ തെളിവുകള്‍ വിചാരണക്കോടതിയും സെഷന്‍സ് കോടതിയും പരിഗണിച്ചില്ലെന്നും ആൻ്റണി രാജു ചൂണ്ടിക്കാട്ടുന്നു.
ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയ സെഷന്‍സ് കോടതി വിധി നിയമപരമായി നിലനില്‍ക്കുന്നതല്ല. നിയമസഭയിലെ സിറ്റിങ് എംഎല്‍എയാണ് താന്‍. ശിക്ഷാവിധിയെത്തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ടു. ശിക്ഷാവിധി മരവിപ്പിക്കാതെ നിയമസഭാ അംഗത്വം പുനഃസ്ഥാപിക്കാനാവില്ല. ശിക്ഷാവിധി മരവിപ്പിച്ചില്ലെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നും ആന്റണി രാജു അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.