
ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണനെ കൊടൈക്കനാലിലെ ബംഗ്ലാവിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബംഗ്ലാവിലെ സ്വിമ്മിങ് പൂളിന് സമീപം മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വിനോദസഞ്ചാരികൾക്ക് വാടകയ്ക്ക് നൽകാറുള്ള ഈ ബംഗ്ലാവിൽ കഴിഞ്ഞ രണ്ടു ദിവസമായി അഞ്ച് പേർ താമസിച്ചിരുന്നു. ഇവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. വിഷ്ണുപ്രിയയുടെ കാമുകനെ കൊലപ്പെടുത്തിയ കേസിൽ 2018-ൽ സൂര്യനാരായണൻ അറസ്റ്റിലായിരുന്നു. ഈ സംഭവത്തോടുള്ള പ്രതികാരമാണോ ഇപ്പോഴത്തെ കൊലപാതകമെന്ന് പൊലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്.