
വാഷിംഗ്‌ടൺ: ചന്ദ്രനിലേക്കു മനുഷ്യരെ അയക്കുന്ന ആർട്ടെമിസ് II മിഷൻ വിക്ഷേപണത്തിനു മാർച്ച് 6 നിശ്ചയിച്ചതായി നാസ അറിയിച്ചു. നാലു യാത്രികരുടെ നിർണായകമായ ‘വെറ്റ് ഡ്രസ് റിഹേഴ്സൽ’ വിജയകരമായി പൂർത്തിയാക്കി. മുൻ പരീക്ഷണങ്ങളിൽ കണ്ടെത്തിയ ഇന്ധന ചോർച്ചകൾ പരിഹരിച്ചു.
വെറ്റ് ഡ്രസ് റിഹേഴ്സൽ എന്നത് വിക്ഷേപണത്തിന് മുമ്പുള്ള കൗണ്ട്ഡൗൺ പരിശീലനമാണ്. ആദ്യ ശ്രമത്തിൽ ഹൈഡ്രജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് വിക്ഷേപണം മാറ്റിവച്ചിരുന്നു. തുടർന്ന് നടത്തിയ സാങ്കേതിക പരിശോധനകളിൽ പ്രശ്നം പരിഹരിച്ചതായി നാസ വ്യക്തമാക്കി.
സ്‌പേസ് ലോഞ്ച് സിസ്റ്റം എന്ന ശക്തിയേറിയ റോക്കറ്റാണ് ആർട്ടെമിസ് II മിഷനിൽ ഉപയോഗിക്കുന്നത്. ഇത് ഓറിയോൺ ബഹിരാകാശ പേടകവുമായി ചേർന്ന് നാലു ബഹിരാകാശ യാത്രികരെ ചന്ദ്രനെ ചുറ്റിയുള്ള ദൗത്യത്തിലേക്ക് കൊണ്ടുപോകും. മനുഷ്യരെ ദീർഘകാലം ചന്ദ്രനിൽ പാർപ്പിക്കാനുള്ള ലക്ഷ്യത്തിലേക്കുള്ള പ്രധാന ഘട്ടമായാണ് ഈ മിഷനെ നാസ വിലയിരുത്തുന്നത്.
അടുത്ത ആഴ്ച അവസാനത്തോടെ ‘ഫ്ലൈറ്റ് റെഡിനസ് റിവ്യൂ’ (എഫ്ആർആർ) പൂർത്തിയാക്കാനാണ് പദ്ധതി. വെറ്റ് ഡ്രസ് റിഹേഴ്സലിൽ നിന്ന് ലഭിച്ച ഡാറ്റയും മറ്റ് സിസ്റ്റം പരിശോധനാ ഫലങ്ങളും വിശദമായി വിലയിരുത്തിയ ശേഷമേ അന്തിമ വിക്ഷേപണാനുമതി നൽകൂ.
സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നു നാസ ആവർത്തിച്ചു. പ്രൊപ്പൽഷൻ സിസ്റ്റങ്ങൾ, ഏവിയോണിക്സ്, ലൈഫ്-സപ്പോർട്ട് സംവിധാനങ്ങൾ, ഗ്രൗണ്ട് ഓപ്പറേഷൻസ് എന്നിവ ഉൾപ്പെടെ എല്ലാ ഘടകങ്ങളും കർശനമായി പരിശോധിക്കും.
ഇതിനോടൊപ്പം, മിഷനിൽ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികർ അടുത്ത ദിവസങ്ങളിൽ ‘സോഫ്റ്റ് ക്വാറന്റൈനിൽ' പ്രവേശിക്കും. രോഗബാധ ഒഴിവാക്കാനും യാത്രയ്ക്കു മുമ്പ് ആരോഗ്യസ്ഥിതി ഉറപ്പാക്കാനുമുള്ള പതിവ് മുൻകരുതലാണിത്.
NASA eyes March 6 launch for Artemis II mission