
ഇന്ത്യ-എസ് ഇടക്കാല വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോകരാജ്യങ്ങൾക്ക് മേൽ ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ആഗോള താരിഫുകൾ അമേരിക്കൻ സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് മോദിയുടെ വഞ്ചന പുറത്തായതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി അമേരിക്കയ്ക്ക് മുന്നിൽ പരാജയപ്പെട്ടുവെന്നും രാജ്യതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട അദ്ദേഹത്തിന് ഇനി അമേരിക്കയുമായി വീണ്ടും വിലപേശൽ നടത്താൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
പ്രധാനമന്ത്രി തന്റെ ദുർബലമായ പ്രതിച്ഛായ സംരക്ഷിക്കാനുള്ള തിടുക്കത്തിലാണ് രാജ്യത്തിന് ദോഷകരമായ ഈ കരാറിൽ ഒപ്പിട്ടതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും വിമർശിച്ചു. ലോക്സഭയിൽ അന്നുണ്ടായ ചില പ്രധാന സംഭവങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഫെബ്രുവരി രണ്ടിന് രാത്രി മോദി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. 18 ദിവസം കൂടി കാത്തിരുന്നിരുന്നെങ്കിൽ അമേരിക്കൻ കോടതി വിധിയിലൂടെ ഇന്ത്യൻ കർഷകർക്ക് ലഭിക്കുമായിരുന്ന ആനുകൂല്യങ്ങൾ ഈ കരാർ വഴി ഇല്ലാതായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ ഉറങ്ങുന്ന അര്‍ദ്ധരാത്രിയില്‍ നരേന്ദ്ര മോദി അമേരിക്കയുമായി വ്യാപാര കരാറുണ്ടാക്കിയത് രാജ്യത്തെ നടുക്കിയിരുന്നു. അമേരിക്കയുടെ പകരച്ചൂങ്കവും ട്രംപിന്റെ തിട്ടൂരത്തിനനുസരിച്ചുള്ള കരാര്‍ വ്യവസ്ഥകളും പാര്‍ലമെന്റില്‍ വലിയ ചോദ്യം ഉയര്‍ത്തുമ്പോള്‍ ഉത്തരം പറയാതെ ലോക്‌സഭയിലെത്താതിരുന്ന നരേന്ദ്ര മോദിയുടെ രീതിയും രാജ്യം ചര്‍ച്ച ചെയ്തതാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ വ്യാപാര നികുതികള്‍ നിയമവിരുദ്ധമാണെന്നാണ് യുഎസ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. ട്രംപിന്റെ അമിതാധികാര പ്രയോഗത്തിന് കടുത്ത തിരിച്ചടി നല്‍കി പകരച്ചുങ്കം റദ്ദാക്കി കളയുകയാണ് യുഎസ് സുപ്രീം കോടതി ചെയ്തത്.
ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ വലിയ നേട്ടമെന്ന് പറഞ്ഞാണ് കേന്ദ്രസര്‍ക്കാരും ബിജെപി അനുകൂലികളും ഇത്രയും നാള്‍ പറഞ്ഞു നടന്നത്. എന്നാല്‍ അമേരിക്കയുടെ മറ്റ് രാജ്യങ്ങള്‍ക്ക് നേര്‍ക്കുള്ള നികുതി നടപടിയെ സ്വന്തം പരമോന്നത നീതി പീഠം തന്നെ തള്ളിക്കളഞ്ഞിരിക്കുകയാണ്.
ഇപ്പോള്‍ ഉയരുന്ന ചോദ്യം രണ്ടാഴ്ചയ്ക്കുള്ളില്‍ യുഎസ് സുപ്രീം കോടതി വിധി വരുമെന്നിരിക്കെ എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഇടക്കാല കരാര്‍ അമേരിക്കയുമായി ഉണ്ടാക്കിയതെന്നാണ്. പ്രസിഡന്റ് തന്റെ അധികാരം ദുരുപയോഗം ചെയ്തുവെന്നാണ് യുഎസ് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് നിരീക്ഷിച്ചത്.
എന്നാൽ ഈ വിധിക്ക് പിന്നാലെയും ഇന്ത്യയുമായുള്ള പ്രത്യേക കരാറിൽ മാറ്റമില്ലെന്ന് ട്രംപ് ആവർത്തിച്ചിട്ടുണ്ട്.
വരും വർഷങ്ങളിൽ ഏകദേശം 45 ലക്ഷം കോടി രൂപ മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾ നികുതിയില്ലാതെ ഇറക്കുമതി ചെയ്യാൻ ഇന്ത്യ ഈ കരാറിലൂടെ നിർബന്ധിതമാകുമെന്ന് രൺദീപ് സുർജേവാല ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യൻ നിർമ്മാതാക്കളെയും കർഷകരെയും വലിയ രീതിയിൽ ബാധിക്കും. കൃഷിക്കുള്ള സബ്‌സിഡികൾ നിർത്തലാക്കാനും ജനിതകമാറ്റം വരുത്തിയ വിളകൾ ഇറക്കുമതി ചെയ്യാനും ഇന്ത്യ നിർബന്ധിതമാകുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു