
തിരുവനന്തപുരം: സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിയുടെ പേര് മാറ്റി. മലബാർ മിസ്റ്ററി എന്ന പേര് മിന്നൽ മാജിക് എന്നാണ് മാറ്റിയത്. പേര് നിർദേശിക്കാനുള്ള മത്സരത്തിനെതിരെയുള്ള നിയമനടപടികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മലബാർ മിസ്റ്ററി എന്ന പേര് ബെവ്കോ മാറ്റുകയായിരുന്നു. പാലക്കാട് മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റിലറീസിൽ നടന്ന ചടങ്ങിൽ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ബ്രാൻഡിയുടെ പേരും ലോഗോയും ഔദ്യോഗികമായി പ്രഖ്യാപിച്ചു . നേരത്തെ 'മലബാർ മിസ്റ്ററി' എന്ന പേരായിരുന്നു പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് ഇത് 'മിന്നൽ മാജിക്' എന്ന് മാറ്റുകയായിരുന്നു.
ഒരു മാസത്തിനകം 'മിന്നൽ മാജിക്' ബിവ്കോ ഔട്ട്‌ലെറ്റുകളിൽ ലഭ്യമാകും. അര ലിറ്റർ കുപ്പികളിലായാണ് ഇത് വിപണിയിലെത്തുക. 400 രൂപയാണ് അര ലിറ്ററിന് നിശ്ചയിച്ചിരിക്കുന്ന വില.
പ്രതിദിനം 18 കുപ്പികൾ വീതമുള്ള 13,500 കേയ്സ് മദ്യമാണ് ഈ കമ്പനിയിൽ ഉത്പാദിപ്പിക്കുന്നത്.
മലമ്പുഴയിലെ ശുദ്ധജല പ്ലാൻ്റിൽ നിന്ന് എത്തിക്കുന്ന ഒരു ലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ചാണ് നിലവിൽ മദ്യനിർമ്മാണം നടക്കുന്നത്. ഭാവിയിൽ മദ്യനിർമ്മാണത്തിന് ആവശ്യമായ വെള്ളത്തിനായി മഴവെള്ള സംഭരണി നിർമ്മിക്കാനുള്ള പദ്ധതിയും നിലവിലുണ്ട്.നിലവിലെ കരാർ പ്രകാരം രാജസ്ഥാനിൽ നിന്നാണ് മദ്യനിർമ്മാണത്തിന് ആവശ്യമായ സ്പിരിറ്റ് എത്തിക്കുന്നത്. സർക്കാർ നേരിട്ട് പുറത്തിറക്കുന്ന ഈ പുതിയ ബ്രാൻഡി അടുത്ത മാസം മുതൽ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാകും.
നിലവിൽ സർക്കാർ മേഖലയിൽ ഉത്പാദിപ്പിക്കുന്ന 'ജവാൻ' റമ്മിന് ലഭിക്കുന്ന സ്വീകാര്യത പുതിയ ബ്രാൻഡിക്കും ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.