Image

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി: രശ്മി ആർ ബിജെപിയിൽ ചേർന്നു

Published on 21 February, 2026
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍  കൊട്ടാരക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി: രശ്മി ആർ  ബിജെപിയിൽ ചേർന്നു

കൊല്ലം: 2021 തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന മഹിളാ കോൺഗ്രസ് നേതാവ് ആർ.രശ്മി  ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി രശ്മി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി. അംഗത്വം സ്വീകരിച്ച ശേഷം രശ്മി രാജീവ് ചന്ദ്രശേഖറിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

സി.പി.എം. നേതാവായിരുന്ന മുൻ എംഎൽഎ ആയിഷ പോറ്റി കോൺഗ്രസിലെത്തിയതോടെ കൊട്ടാരക്കര മണ്ഡലത്തിൽ രശ്മിക്ക് സീറ്റ് ഉണ്ടാവില്ല എന്നുറപ്പായിരുന്നു.

കോൺഗ്രസിന് മുന്നിൽ രശ്മി മുന്നോട്ടുവച്ച രണ്ടുപാധികളും അംഗീകരിക്കപ്പെട്ടില്ല എന്നും വിവരമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സാമ്പത്തിക ബാധ്യത തീർക്കുക, യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ ബോർഡ് അല്ലെങ്കിൽ കോർപറേഷൻ സ്ഥാനങ്ങൾ ഏതെങ്കിലും നൽകുക എന്നിവയായിരുന്നു ഉപാധികൾ എന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉറപ്പുലഭിക്കാതെ വന്നതോടെയാണ് പാര്‍ട്ടി വിടാന്‍ രശ്മി തീരുമാനിച്ചത്. 

 ഐഷാ പോറ്റി കോണ്‍ഗ്രസിലേക്ക് എത്തുമെന്നുറപ്പായതോടെ സാമൂഹിക മാധ്യമങ്ങളില്‍ രശ്മി അവര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ രശ്മിയുമായി കൊടിക്കുന്നില്‍ സുരേഷ് എംപി സംസാരിച്ചിരുന്നെങ്കിലും അവര്‍ വഴങ്ങിയില്ല. 

കൊല്ലം ജില്ലാ പഞ്ചായത്ത് മുന്‍ അംഗമായിരുന്ന രശ്മി, ജില്ലയിലെ അറിയപ്പെടുന്ന മഹിളാകോണ്‍ഗ്രസ് നേതാവുകൂടിയാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെഎന്‍ ബാലഗോപാലിനെതിരേ കോണ്‍ഗ്രസില്‍നിന്ന് മത്സരിച്ചത് രശ്മിയായിരുന്നു. 10,814 വോട്ടിനാണ് അന്ന് ബാലഗോപാല്‍ ജയിച്ചത്. 2016-ല്‍ അയിഷാ പോറ്റി സിപിഎമ്മിനുവേണ്ടി മത്സരിച്ചപ്പോള്‍ 42,632 വോട്ടിനാണ് ജയിച്ചത്. സവിന്‍ സത്യനായിരുന്നു അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക