Image

ആരോഗ്യ മന്ത്രിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വച്ചു

Published on 21 February, 2026
ആരോഗ്യ മന്ത്രിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വച്ചു

വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍   ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വസതിയുടെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറിയ പ്രതിഷേധക്കാര്‍ വാതിലിന് മുന്നില്‍ റീത്ത് വച്ചു. പിന്നീട് പോലീസ് ഉദ്യോഗസ്ഥര്‍ റീത്ത് എടുത്ത് മാറ്റി.

 മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന മൂന്ന് പോലീസുകാരെ തള്ളിമാറ്റിയായിരുന്നു പ്രവര്‍ത്തകര്‍ അതിക്രമിച്ചു കടന്നത്. 15 മിനിറ്റിന് ശേഷമാണ് കൂടുതല്‍ പോലീസുകാര്‍ ഇവിടെ എത്തിയത്. തുടര്‍ന്നു പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകാന്‍ അനുവദിക്കാതെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

പൊലീസ് കമ്മിഷണറുടെ ഓഫീസിന് സപമീമുള്ള മന്ത്രിയുടെ വസതിയില്‍ അതിക്രമിച്ചു കയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വെച്ചത് വലിയ സുരക്ഷ വീഴ്ചയാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. 

തൈക്കാട് നിന്ന് പ്രകടനവുമായി എത്തിയ യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകാണ് മന്ത്രിയുടെ വസതിക്ക് അകത്തുകയറിയത്. പ്രതിഷേധക്കാര്‍ വീടിന് മുന്നില്‍ കരിങ്കൊടി ഉയര്‍ത്തുകയും ചെയ്തു. അതിനുശേഷം തിരിച്ചിറങ്ങിയ പ്രവര്‍ത്തകര്‍ മന്ത്രിയുടെ വസതിയ്ക്ക് മുന്നിലെ ഗേറ്റിന് പുറത്ത് പ്രതിഷേധം തുടര്‍ന്നു.

കേരളത്തിൽ തുടർച്ചയായുണ്ടാകുന്ന ചികിത്സാ പിഴവുകളുടെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് 'കാലന്റെ ആരോഗ്യ വകുപ്പായി' മാറിക്കൊണ്ടിരിക്കുകയാണ്. സ്വന്തം വകുപ്പിലെ ജീവനക്കാർ പോലും ഒരു പേപ്പർ വാങ്ങാൻ ഗതിയില്ലാത്ത അവസ്ഥയിലാണ് വകുപ്പെന്ന് തുറന്നു പറയുന്നുണ്ടെന്നും പ്രതിഷേധക്കാർ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക