
പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടിയന്തര നിയമങ്ങൾ ഉപയോഗിച്ചു ചുമത്തിയ ആഗോള തീരുവകൾ നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയെ തുടർന്നു മറ്റൊരു നിയമം ആയുധമാക്കി അദ്ദേഹം 10% ആഗോള തീരുവ പ്രഖ്യാപിച്ചു.
തനിക്കെതിരെ വിധി പ്രഖ്യാപിച്ച ജസ്റ്റിസുമാരെ വിഡ്ഢികളെന്നും ചെറിയ നായക്കുട്ടികളെന്നും വിളിക്കാൻ അദ്ദേഹം മടിച്ചതുമില്ല.
ട്രംപിനെ ആർക്കും തടയാൻ കഴിയില്ലെന്നു വൈറ്റ് ഹൗസ് വക്താവ് സ്റ്റീവൻ ചുങ് പറഞ്ഞു.
ട്രംപ് ഇല്ലാത്ത അധികാരം കൈയ്യാളി ചുമത്തിയതെന്നു കോടതി പറഞ്ഞ തീരുവകൾ വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ പിൻവലിച്ചു.
1974ലെ ട്രെയ്‌ഡ് ആക്ടിന്റെ സെൿഷൻ 122 അനുസരിച്ചാണ് പുതുതായി 10% താരിഫ് ചുമത്തിയത്. മുൻപൊരിക്കലും ഒരു പ്രസിഡന്റും ഈ നിയമം ഉപയോഗിച്ചിട്ടില്ല. നിയമത്തിന്റെ 301 വകുപ്പനുസരിച്ചു മറ്റു രാജ്യങ്ങളുടെ അന്യായ വ്യാപാര രീതികൾ പരിശോധിച്ചു കൂടുതൽ തീരുവ ചുമത്തുമെന്നും ട്രംപ് പറഞ്ഞു.
പുതിയ തീരുവകൾ ചൊവാഴ്ച്ച പുലർച്ചെ 12:01നു നിലവിൽ വരും. നിർണായക ധാതുക്കൾ, ചില ഭക്ഷണ സാധനങ്ങൾ എന്നിവ ഉൾപ്പെടെ ഏതാനും ഇനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
പല രാജ്യങ്ങളുമായി ഉണ്ടാക്കിയ വ്യാപാര കരാറുകൾക്ക് മാറ്റമുണ്ടാവില്ല എന്നു ട്രംപ് പറഞ്ഞു. അവയിൽ തീരുവ 10 ശതമാനത്തിൽ മേലെയാണ്. 15 മുതൽ 20% വരെ. ഇന്ത്യയുമായുള്ള കരാറിൽ 18% ആണ്.
ജസ്റ്റിസുമാർ നായക്കുട്ടികൾ
തനിക്കെതിരെ വിധി പറഞ്ഞ ആറു സുപ്രീം കോടതി ജസ്റ്റിസുമാർ ഭരണഘടനയോടു കൂറില്ലാത്തവർ ആണെന്നു എഴുതി വായിച്ച പ്രസ്താവനയിൽ ട്രംപ് ആരോപിച്ചു. അതിൽ ചിലരെ നിയമിച്ചത് ട്രംപ് ആയിരുന്നു.
"രാജ്യത്തിനു ഉചിതമായതു ചെയ്യാൻ ധൈര്യമില്ലാത്ത കോടതിയിലെ ചില അംഗങ്ങളെ കുറിച്ചു ഞാൻ ലജ്ജിക്കുന്നു," ട്രംപ് പറഞ്ഞു. "അവർ വിഢികളാണ്, കാണ്ടാമൃഗങ്ങളും ഇടതു തീവ്രവാദികളുമായ ഡെമോക്രാറ്റുകളുടെ ചെറു വളർത്തു നായ്ക്കളാണ്.
"അവർക്കു ഭരണഘടനയോടു യാതൊരു കൂറുമില്ല. രാജ്യത്തോട് യാതൊരു സ്നേഹവുമില്ല. വിദേശ താല്പര്യങ്ങൾ അവരെ സ്വാധീനിച്ചെന്നാണ് എന്റെ അഭിപ്രായം."
കാനഡയ്ക്കും മെക്സിക്കോയ്ക്കും ഒഴിവ്
പുതിയ താരിഫിൽ നിന്നു കാനഡയ്ക്കും മെക്സിക്കോയ്ക്കും ഒഴിവ് ലഭിക്കുമെന്നു വൈറ്റ് ഹൗസ് പറഞ്ഞു. അവർക്കു യുഎസുമായി നോർത്ത് അമേരിക്കൻ വ്യാപാര കരാറുണ്ട്. ആഗോള തലത്തിൽ ഏറ്റവും കുറഞ്ഞ നിരക്കാണത്.
Trump imposes 10% global tariff