
കോൺഗ്രസ് എംപി ശശി തരൂരിനെ പ്രശംസിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. തരൂർ ഒരു മികച്ച പാർലമെന്റേറിയനാണെന്നും ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ ശബ്ദം ശക്തമായി ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ സന്ദേശം ലോകത്തെ അറിയിക്കുന്നതിൽ തരൂർ വലിയ പങ്കുവഹിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ശശി തരൂർ രചിച്ച ‘ദി സേജ് ഹു റീഇമാജിൻസ് ഹിന്ദുയിസം: ദി ലൈഫ്, ലെസൺസ് ആൻഡ് ലെഗസി ഓഫ് ശ്രീ നാരായണ ഗുരു’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഉപരാഷ്ട്രപതി ഈ പരാമർശങ്ങൾ നടത്തിയത്.
മറ്റ് മതങ്ങളോടുള്ള സഹിഷ്ണുതയാണ് ശ്രീനാരായണ ഗുരുവിന്റെ മുഖമുദ്രയെന്ന് ചടങ്ങിൽ സംസാരിച്ച ശശി തരൂർ പറഞ്ഞു. ആത്മീയതയ്ക്കൊപ്പം സാമൂഹ്യനീതിയും ഉയർത്തിപ്പിടിച്ച ഗുരുവിന്റെ സന്ദേശങ്ങൾ കേരളത്തിന് പുറത്തുള്ളവർക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകം രചിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്ന ഗുരുവിന്റെ ദർശനം ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണെന്നും തരൂർ കൂട്ടിച്ചേർത്തു.;