Image

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെ ചോദ്യംചെയ്ത് വിജിലൻസ്

Published on 19 February, 2026
 മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെ ചോദ്യംചെയ്ത് വിജിലൻസ്

കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെ ചോദ്യം ചെയ്ത് വിജിലൻസ്. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് വിജിലൻസ് സംഘം വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തത്. കേസന്വേഷണം വേഗത്തിലാക്കണമെന്ന ഹൈക്കോടതി നിർദേശത്തിന് പിന്നാലെയാണ് ചോദ്യം ചെയ്യൽ ഉണ്ടായത്.

ക്രൈം ബ്രാഞ്ച് എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തത്. കഴിഞ്ഞ ജൂലൈയിലായിരുന്നു ഹൈക്കോടതി കേസിന്റെ അന്വേഷണം വേഗത്തിലാക്കാൻ നിർദേശം നൽകിയത്. ശശിധരൻ തന്നെ കേസ് അന്വേഷിക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

കേസിൽ വെള്ളാപ്പള്ളി അടക്കം അഞ്ച് പ്രതികളാണുള്ളത്. പിന്നാക്ക വികസന കോർപ്പറേഷൻ മുൻ എം ഡി നജീബ്, നിലവിലെ എംഡിയായ ദിലീപ് കുമാർ, മൈക്രോ ഫിനാൻസ് ചീഫ് കോർഡിനേറ്റർ കെ കെ മഹേശൻ, എസ്എൻഡിപി യോഗം നേതാവ് ഡോ. എം എൻ സോമൻ എന്നിവരാണ് മറ്റ് പ്രതികൾ.

2016ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനാണ് വെള്ളാപ്പള്ളിക്കെതിരെ പരാതി നൽകിയത്. 15 കോടിയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു വിഎസിന്റെ പരാതി. പിന്നാക്ക വികസന കോർപ്പറേഷൻ മുഖേന കുറഞ്ഞ പലിശയ്ക്ക് വായ്പ എടുക്കുകയും പിന്നാലെ ഉയർന്ന പലിശ ഈടാക്കി വിതരണം ചെയ്തുവെന്നുമാണ് കേസ്. ഇല്ലാത്ത ആളുകളുടെ പേരിൽ പോലും വായ്പ അനുവദിച്ചിരുന്നതായും പരാതിയിൽ ഉണ്ടായിരുന്നു.

സ്വാശ്രയ സംഘങ്ങൾക്ക് നൽകാനെന്ന പേരിലാണ് എസ്എൻഡിപി അഞ്ച് കോടി രൂപ വായ്പയെടുത്ത്ത്. എന്നാൽ അന്വേഷണത്തിനിടെയാണ് പലരും തങ്ങളുടെ പേരിൽ വായ്പയുള്ളതായി അറിയുന്നത്. ഇതിന്റെ പേരിൽ നിരവധി കുടുംബങ്ങൾ നടപടികൾ നേരിടേണ്ടിവന്ന സാഹചര്യം ഉണ്ടായപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. പിന്നാലെയാണ് വി എസ് അച്യുതാനന്ദൻ പരാതി നൽകുന്നത്.

വിഎസ് രണ്ടാമതും പരാതി നൽകിയതോടെയാണ് വീണ്ടും അന്വേഷണം സജീവമായത്. ആദ്യമായി വി എസ് പരാതി നൽകിയത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്കായിരുന്നു. എന്നാൽ ഇതിൽ നടപടിയുണ്ടായില്ല. പിന്നാലെ രണ്ടാമത് പരാതി നൽകുകയും നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും വി എസ് ഭീഷണി മുഴക്കി. തുടർന്നാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

കേസിൽ വെള്ളാപ്പള്ളിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. 2016 ജനുവരിയിലായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്. തെറ്റ് ചെയ്തിട്ടില്ലെന്നും ഏത് വെല്ലുവിളിലെയും നേരിടുമെന്നായിരുന്നു കേസിനെ സംബന്ധിച്ച് വെള്ളാപ്പള്ളിയുടെ പ്രതികരണം. പിണറായി വിജയനെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക