
എറണാകുളം: അനധികൃത ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിച്ചതിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ആറ്റുകാലമ്മയുടെ പേരിൽ എന്തിനാണ് ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നതെന്ന് ഹൈക്കോടതി ആരാഞ്ഞു. ആറ്റുകാലമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നും കോടതിയുടെ ചോദ്യം.
സ്പോൺസർമാരുടെ മുഖം വരാനാണ് ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നതെന്ന് വിമർശിച്ച ഹൈക്കോടതി അനധികൃതമായി സ്ഥാപിച്ച ഫ്ലക്‌സുകൾ എത്രയും വേഗം നീക്കം ചെയ്യാനും നിർദ്ദേശം നൽകി. ആറ്റുകാലമ്മയുടെ പേരിൽ ഫ്ലക്‌സ് ബോർഡ് വച്ചതിലാണ് വിമർശനം. രാഷ്ട്രീയക്കാരും സിനിമാക്കാരും ബോർഡ് വയ്‌ക്കുന്നത് മനസിലാക്കാം. ആറ്റുകാലമ്മയുടെ പേരിൽ എന്തിനാണ് ബോർഡെന്നും ആറ്റുകാലമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോയെന്നും ഹൈക്കോടതി ചോദ്യമുന്നയിച്ചു.
പൊതു സ്ഥലങ്ങളിൽ അനധികൃതമായി ഫ്ലക്‌സ് ബോർഡ് സ്ഥാപിക്കുന്നത് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. അതിനിടെയാണ് ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വിവിധയിടങ്ങളിൽ ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിച്ചത്. ഇത് ഹൈക്കോടതിയുടെ ശ്രദ്ധയിൽ വന്നതോടെയാണ് നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയത്. അമിക്കസ് ക്യൂറിയാണ് ഈ വിവരങ്ങൾ കോടതിയെ ധരിപ്പിച്ചത്.