Image

എന്തുതരം സംസ്‌കാരമാണ് വളർത്തിയെടുക്കുന്നത്? ഇത്തരം വിതരണങ്ങൾ സാമ്പത്തിക വളർച്ച തടസപ്പെടുത്തും; തെരഞ്ഞെടുപ്പിന് മുന്നോടിയായി നൽകുന്ന സൗജന്യങ്ങൾക്കെതിരെ സുപ്രീംകോടതി

Published on 19 February, 2026
 എന്തുതരം സംസ്‌കാരമാണ്  വളർത്തിയെടുക്കുന്നത്? ഇത്തരം വിതരണങ്ങൾ സാമ്പത്തിക വളർച്ച  തടസപ്പെടുത്തും; തെരഞ്ഞെടുപ്പിന് മുന്നോടിയായി നൽകുന്ന  സൗജന്യങ്ങൾക്കെതിരെ  സുപ്രീംകോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സൗജന്യ വിതരണ സംസ്‌കാരത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. രാജ്യത്തിൻ്റെ സാമ്പത്തിക വികസനത്തിന് തടസമാകുന്ന ഇത്തരം നയങ്ങൾ പുനഃപരിശോധിക്കേണ്ടത് അത്യാവശ്യ മാണെന്നും കോടതി പറഞ്ഞു.

ഉപഭോക്താക്കളുടെ സാമ്പത്തിക നില പരിഗണിക്കാതെ എല്ലാവർക്കും സൗജന്യ വൈദ്യുതി നൽകാനുള്ള തമിഴ്‌നാട് പവർ ഡിസ്‌ട്രിബ്യൂഷൻ കോർപറേഷൻ ലിമിറ്റഡിൻ്റെ നിർദേശത്തിന്മേലുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം. ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വാദം കേട്ടത്.

"രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും വരുമാനക്കമ്മി നേരിടുന്നവയാണ്. എന്നിട്ടും അവർ വികസനത്തെ അവഗണിച്ച് ഇത്തരം സൗജന്യങ്ങൾ വാഗ്‌ദാനം ചെയ്യുന്നു. ഇന്ത്യയിൽ നമ്മൾ എന്തുതരത്തിലുള്ള സംസ്‌കാരമാണ് വളർത്തിയെടുക്കുന്നത്? ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി വൈദ്യുതി ചാർജ് അടയ്‌ക്കാൻ കഴിവില്ലാത്തവർക്ക് സഹായം നൽകുന്നത് മനസിലാക്കാം.

എന്നാൽ നൽകാൻ കഴിവുള്ളവരും ഇല്ലാത്തവരും തമ്മിൽ വ്യത്യാസമില്ലാതെ സൗജന്യങ്ങൾ വിതരണം ചെയ്യുന്നത് പ്രീണന നയമല്ലേ? ഇത്തരത്തിലുള്ള വിതരണങ്ങൾ സാമ്പത്തിക വളർച്ചയെ തടസപ്പെടുത്തും''  കോടതി നിരീക്ഷിച്ചു.

വൈദ്യൂതി വിതരണ കമ്പനികൾക്ക് താരിഫും ബജറ്റ് കണക്കുകൂട്ടലുകളും ക്രമീകരിക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വന്ന സൗജന്യ വൈദ്യുതി പ്രഖ്യാപനത്തിൻ്റെ കാരണം വിശദീകരിക്കാൻ കോടതി തമിഴ്‌നാട് സർക്കാരിനോട് പ്രത്യേകം ആവശ്യപ്പെടുകയും ചെയ്‌തു. 2024 ലെ വൈദ്യുതി ഭേദഗതി നിയമത്തിലെ 23-ാം ചട്ടം ചോദ്യം ചെയ്തുകൊണ്ട് തമിഴ്‌നാട് വൈദ്യുതി വിതരണ കമ്പനി ലിമിറ്റഡ് ഫയൽ ചെയ്‌ത   റിട്ട് ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

കൂടാതെ മുൻകൂർ സാമ്പത്തിക ആസൂത്രണം കൂടാതെ വലിയ സബ്‌സിഡികൾ പ്രഖ്യാപിക്കുന്നത് സർക്കാരുകൾക്ക് എങ്ങനെ താങ്ങാനാകുമെന്നും കോടതി ചോദിച്ചു. ചില സംസ്ഥാനങ്ങൾ ഇലക്ഷന് തൊട്ടുമുൻപ് ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും കോടതി പറഞ്ഞു. പണം നൽകിയാൽ ആളുകൾ തൊഴിലെടുക്കുമോ എന്നും കോടതി തമിഴ്‌നാട് സർക്കാരിനോട് ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക