
ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ സഹോദരൻ ആൻഡ്രു മൗണ്ട്ബാറ്റൺ-വിൻഡ്‌സറിനെ വ്യാഴാഴ്ച്ച പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുള്ള ഡസൻ കണക്കിനു പ്രമുഖരിൽ ഏറ്റവുമധികം കുറ്റങ്ങൾ ചാർത്തപ്പെട്ട ആൻഡ്രുവിന്റെ രാജകുടുംബം നൽകിയിരുന്ന പ്രത്യേക അവകാശങ്ങളെല്ലാം രാജാവ് നേരത്തെ നീക്കം ചെയ്തിരുന്നു.
രാജകീയ വസതിയും ഒഴിയേണ്ടി വന്ന ആൻഡ്രുവിനെ നോർഫോക്കിൽ സാന്ദിഗ്രാം വസതിയിൽ നിന്നാണ് തെയിംസ് വാലി പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ബ്രിട്ടന്റെ വ്യാപാര പ്രതിനിധി ആയിരിക്കെ എപ്‌സ്റ്റീനുമായി പരമരഹസ്യമായ വിവരങ്ങൾ പങ്കുവച്ചു രാജ്യത്തിൻറെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കി എന്ന ആരോപണമാണ് ആൻഡ്രുവിന്റെ മേലുള്ളത്. അധികാര സ്ഥാനത്തിരുന്നു അത് ദുരുപയോഗം ചെയ്തു എന്നതാണ് കുറ്റം.
സഹോദരനെ കുറിച്ചുള്ള പൂർണവും നീതിയുക്തവുമായ അന്വേഷണത്തെ പിന്താങ്ങുന്നുവെന്നു ചാൾസ് രാജാവ് പറഞ്ഞു. "ഞാൻ വ്യക്തമായി പറയുന്നു: നിയമം അതിന്റെ വഴിക്കു പോകും."
അറസ്റ്റിനു ശേഷം ബെർക്ഷയറിലും നോർഫോർക്കിലും തിരച്ചിൽ നടത്തിയെന്നു പോലീസ് പറഞ്ഞു. ബ്രിട്ടീഷ് നിയമം അനുശാസിക്കുന്നതു പോലെ, അവർ ആൻഡ്രുവിന്റെ പേരു പറഞ്ഞില്ല.
ആൻഡ്രു കുറ്റം നിഷേധിച്ചിട്ടുണ്ടെങ്കിലും എപ്‌സ്റ്റീന്റെ കുപ്രസിദ്ധമായ ദ്വീപിൽ പ്രായപൂർത്തിയായ പെൺകുട്ടികളുമായി അദ്ദേഹം ബന്ധപ്പെടുന്ന നിരവധി ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് പുറത്തു വിട്ട ആയിരക്കണക്കിനു ഫയലുകളിൽ നിരവധി തവണ ആൻഡ്രുവിന്റെ പേരുണ്ടു താനും. അവയിലാണ് ആൻഡ്രു രഹസ്യ വിവരങ്ങൾ കൈമാറി എന്ന സൂചനയുള്ളത്.
2010ൽ സൗത്ത് ഏഷ്യ സന്ദർശിച്ച ആൻഡ്രു അതിന്റെ വിവരങ്ങൾ എപ്‌സ്റ്റീനു നൽകിയതായി കാണുന്നു.
2001ൽ താൻ കൗമാരക്കാരി ആയിരുന്നപ്പോൾ എപ്‌സ്റ്റീൻ തന്നെ ആൻഡ്രുവിനു കാഴ്ച്ച വച്ചെന്നു വിർജീനിയ റോബെർട്സ് ഗുയിഫ്രേ എന്ന സ്ത്രീയുടെ വെളിപ്പെടുത്തലുണ്ട്. നിരവധി തവണ അദ്ദേഹവുമായി ലൈംഗിക ബന്ധമുണ്ടായെന്നു അവർ പറയുന്നു.
തനിക്കു 17 വയസുള്ളപ്പോൾ ആൻഡ്രു ബലാത്സംഗം ചെയ്തു എന്നാരോപിച്ചു ഗുയിഫ്രേ ഫയൽ ചെയ്ത കേസ് ഒത്തുതീർപ്പാക്കാൻ 2022ൽ ആൻഡ്രു ന്യൂ യോർക്ക് കോടതിയിൽ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചു. തുക വെളിപ്പെടുത്തിയിട്ടില്ല.
യുഎസിൽ ബ്രിട്ടീഷ് അംബാസഡർ ആയിരുന്ന പീറ്റർ മാൻഡെൽസൺ സമാനമായ ആരോപണങ്ങളുടെ പേരിൽ നേരത്തെ രാജിവച്ചിരുന്നു. അദ്ദേഹത്തെ നിയമിച്ചതിന്റെ പേരിൽ പ്രധാനമന്ത്രി കിയ സ്റ്റാർമർ രാജിവയ്ക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
ആൻഡ്രുവിന്റെ 66ആം ജന്മദിനത്തിലാണ് രാവിലെ 8 മണിയോടെ അറസ്റ്റ് ഉണ്ടായത്. കേസിൽ ശിക്ഷിക്കപ്പെട്ടാൽ ജീവപര്യന്തം തടവ് ലഭിക്കാം.
ആൻഡ്രു കസ്റ്റഡിയിൽ ഉണ്ടെന്നു പോലീസ് സ്ഥിരീകരിച്ചു.
"ആരും നിയമത്തിനു അതീതരല്ല" എന്നാണ് പ്രധാനമന്ത്രി സ്റ്റാർമർ പറഞ്ഞത്. "അത് പോലീസിന്റെ അധികാരപരിധിയിൽ പെട്ട കാര്യമാണ്. അവർ അന്വേഷിക്കും. പക്ഷെ ബ്രിട്ടീഷ് നിയമത്തിൽ കാതലായ തത്വമാണ് എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരാണ് എന്നത്."
British police arrest King's brother Andrew