Image

കേരള സ്റ്റോറി 2നെതിരെ ഹർജി; സെന്‍സര്‍ ബോര്‍ഡിനും നിർമാതാക്കൾക്കും ഹൈക്കോടതി നോട്ടീസ്

Published on 19 February, 2026
കേരള സ്റ്റോറി 2നെതിരെ ഹർജി; സെന്‍സര്‍ ബോര്‍ഡിനും നിർമാതാക്കൾക്കും ഹൈക്കോടതി നോട്ടീസ്

കൊച്ചി:  കേരള സ്റ്റോറി 2നെതിരെ സമർപ്പിച്ച ഹർജിയിൽ സെൻസർ ബോർഡിനും നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സിനും ഹൈക്കോടതിയുടെ നോട്ടീസ്. ചിത്രത്തിന്‍റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ ശ്രീദേവ് നമ്പൂതിരിയാണ് കോടതിയെ സമീപിച്ചത്.

കേസ് അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഫെബ്രുവരി 27-ന് തിയേറ്ററുകളിലെത്താൻ നിശ്ചയിച്ചിട്ടുള്ള 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' കേവലം ഒരു പ്രൊപ്പഗാൻഡ ചിത്രമാണെന്നും കേരളത്തെ കരിനിഴലിൽ നിർത്താനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. നാല് യുവതികൾ തീവ്രവാദികളുടെ കെണിയിൽപ്പെടുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെന്നാണ് കഴിഞ്ഞ 17-ന് പുറത്തിറങ്ങിയ ട്രെയിലർ സൂചിപ്പിക്കുന്നത്.

വസ്തുതാവിരുദ്ധമായ അവകാശവാദങ്ങൾ ഉന്നയിച്ചുകൊണ്ട് വലിയ വിമർശനങ്ങൾ നേരിട്ട 'കേരള സ്റ്റോറി'യുടെ ആദ്യ ഭാഗം രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. ഇതിന്‍റെ രണ്ടാം ഭാഗവും സമാനമായ രീതിയിൽ സംഘർഷങ്ങൾക്കും ക്രമസമാധാന തകർച്ചയ്ക്കും വഴിതെളിക്കുമെന്ന ആശങ്ക ഹർജിയിൽ പങ്കുവെക്കുന്നുണ്ട്.

പ്രകോപനപരമായ ഉള്ളടക്കം അടങ്ങിയ ട്രെയിലർ ഇതിനോടകം തന്നെ വിവാദമായിക്കഴിഞ്ഞു. കേരളത്തെ മതപരിവർത്തനത്തിന്‍റെയും തീവ്രവാദത്തിന്‍റെയും കേന്ദ്രമായി മുദ്രകുത്താനും സംസ്ഥാനത്തിന്‍റെ യശസ്സിനെ ആഗോളതലത്തിൽ കളങ്കപ്പെടുത്താനുമുള്ള ബോധപൂർവ്വമായ നീക്കമാണിതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക