
നവകേരള സർവേ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ അതിവേഗ നീക്കവുമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. വിധി വന്ന് 24 മണിക്കൂറിനുള്ളിലാണ് സർക്കാർ അപ്പീൽ സമർപ്പിച്ചത്. സർവേ എന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അതിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്നുമാണ് അപ്പീലിലെ പ്രധാന വാദം.
ഹൈക്കോടതി വിധിയിൽ ഒട്ടേറെ പൊരുത്തക്കേടുകൾ ഉണ്ടെന്നും, ഭരണപരമായ തീരുമാനങ്ങളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും പിണറായി സർക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.
ബജറ്റ് വകയിരുത്തലോ ധനകാര്യ വകുപ്പിന്റെ അനുമതിയോ ഇല്ലാതെ 20 കോടി രൂപ ചിലവഴിച്ചത് ചട്ടലംഘനമാണെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി നേരത്തെ സർവേ റദ്ദാക്കിയത്. സ്പെഷ്യൽ പി.ആർ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഈ നീക്കം റൂൾസ് ഓഫ് ബിസിനസിന്റെ ലംഘനമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൂടാതെ, മന്ത്രിസഭ തീരുമാനമെടുക്കുന്നതിന് മുൻപേ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടി കേഡർമാർക്ക് അയച്ച കത്ത് രാഷ്ട്രീയ പ്രേരിതമായ നീക്കത്തിന്റെ തെളിവായി കോടതി വിലയിരുത്തി.
പാർട്ടി അണികളെ സർക്കാർ സംവിധാനത്തിലേക്ക് രഹസ്യമായി തിരുകിക്കയറ്റാനുള്ള ശ്രമം നടന്നോ എന്ന സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു.
ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും വികസനത്തെക്കുറിച്ചും ജനങ്ങളിൽ നിന്ന് നേരിട്ട് അഭിപ്രായം തേടാനാണ് നവകേരള സർവേ ലക്ഷ്യമിട്ടതെന്ന് സർക്കാർ വാദിക്കുന്നു.
എന്നാൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിൽ, ഇതൊരു രാഷ്ട്രീയ പരിപാടിയാണെന്നും സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്നുമുള്ള വാദമാണ് കോടതി അംഗീകരിച്ചത്. ഹൈക്കോടതി വിധി സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായ പശ്ചാത്തലത്തിലാണ് അടിയന്തരമായി സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങാനുള്ള നീക്കം സർക്കാർ നടത്തുന്നത്.