
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്നുവരുന്ന ഇന്ത്യ എഐ എക്‌സ്‌പോ'യില്‍ ഗ്രേറ്റർ നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗൽഗോട്ടിയാസ് സർവകലാശാലയെ പുറത്താക്കി. ചൈനീസ് നിർമ്മിത റോബോട്ടിനെ സർവകലാശാലയുടെ സ്വന്തം കണ്ടുപിടുത്തമായി അവതരിപ്പിച്ചു എന്ന ഗുരുതര ആരോപണത്തെത്തുടർന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.
എക്സ്പോയുടെ രണ്ടാം ദിവസമാണ് വിവാദങ്ങൾക്ക് തുടക്കമായത്. സർവകലാശാലയുടെ സെന്റർ ഓഫ് എക്‌സലൻസ് വികസിപ്പിച്ചെടുത്ത ഓറിയോൺ എന്ന റോബോട്ടിക് നായയെയാണ് ഇവർ പ്രദർശനത്തിൽ അവതരിപ്പിച്ചത്. കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ വഴി ഈ റോബോട്ടിന്റെ ദൃശ്യങ്ങൾ വലിയ പ്രാധാന്യത്തോടെ പങ്കുവെച്ചിരുന്നു. തദ്ദേശീയമായ വലിയൊരു നേട്ടമെന്ന നിലയിലാണ് പ്രാരംഭഘട്ടത്തിൽ ഇത് ആഘോഷിക്കപ്പെട്ടത്.
എന്നാൽ, പ്രദർശിപ്പിക്കപ്പെട്ട റോബോട്ട് ചൈനീസ് കമ്പനിയായ യൂണിട്രീ റോബോട്ടിക്‌സ് നിർമ്മിച്ച മോഡലാണെന്ന് മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയ കണ്ടെത്തി. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 1,600 ഡോളർ (1.3 ലക്ഷം രൂപ) വിലയ്ക്ക് ലഭ്യമായ ഈ റോബോട്ടിന് മുകളിൽ നിർമ്മാതാക്കളുടെ ബ്രാൻഡിംഗ് ചിഹ്നങ്ങൾ പോലും വ്യക്തമായി കാണാമായിരുന്നു. വിദേശത്തുനിന്ന് വാങ്ങിയ ഒരു ഉൽപ്പന്നത്തെ സർവകലാശാല സ്വന്തം ലേബലിൽ അവതരിപ്പിച്ചത് വലിയ തോതിലുള്ള വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും വഴിവെച്ചു.
വിഷയം വിവാദമായതോടെ സർക്കാരിനും വലിയ നാണക്കേടായി. ഇതേത്തുടർന്ന്, എഐ എക്സ്പോയിലെ തങ്ങളുടെ സ്റ്റാൾ ഉടൻ തന്നെ ഒഴിയാൻ ഗൽഗോട്ടിയാസ് സർവകലാശാലയോട് അധികൃതർ നിർദ്ദേശിച്ചു. തദ്ദേശീയമായ സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിക്കാൻ സംഘടിപ്പിച്ച വേദിയിൽ ഇത്തരം തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
തിരിച്ചടി നേരിട്ടതോടെ വിശദീകരണവുമായി സർവകലാശാല അധികൃതർ രംഗത്തെത്തി. തങ്ങൾ ഈ റോബോട്ട് നിർമ്മിച്ചതാണെന്ന് എവിടെയും അവകാശപ്പെട്ടിട്ടില്ലെന്നും, മറിച്ച് വിദ്യാർത്ഥികൾക്ക് അത്യാധുനിക സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നതിനായി വാങ്ങിയതാണെന്നുമാണ് സർവകലാശാല ഇപ്പോൾ പറയുന്നത്. ഇത്തരം സാങ്കേതികവിദ്യകൾ നേരിട്ട് കാണുന്നത് വിദ്യാർത്ഥികളിൽ ദീർഘവീക്ഷണം വളർത്താൻ സഹായിക്കുമെന്നും അവർ എക്‌സിലൂടെ അറിയിച്ചു.