
ബെവ്‌കോ സ്വന്തമായി ഉല്പാദിപ്പിക്കുന്ന, കുറഞ്ഞ വിലയുള്ള ബ്രാൻഡി ഈ മാസം 21 മുതൽ വിപണിയിലെത്തും. പാലക്കാട് ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ മലബാർ ഡിസ്റ്റിലറിയിലാണ് മദ്യത്തിന്റെ ഉല്പാദനം നടക്കുന്നത്.
നിലവിൽ സർക്കാർ നേരിട്ട് ഉല്പാദിപ്പിക്കുന്ന 'ജവാൻ' റമ്മിന് ലഭിച്ച വലിയ ജനപ്രീതിക്ക് പിന്നാലെയാണ് ബ്രാൻഡിയും വിപണിയിലെത്തിക്കാൻ സർക്കാർ തീരുമാനിച്ചത്.
പ്രതിമാസം മൂന്നര ലക്ഷം കേസ് മദ്യം ഉല്പാദിപ്പിക്കാനാണ് ബിവറേജസ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. ബെവ്‌കോയുടെ ഏറ്റവും വില കുറഞ്ഞ ബ്രാൻഡി ആയിരിക്കും ഇതെന്ന് സൂചനയുണ്ടെങ്കിലും മദ്യത്തിന്റെ പേരോ വിലയോ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പേരും വിലയും 'സർപ്രൈസ്' ആയി നിലനിർത്താനാണ് അധികൃതരുടെ തീരുമാനം.
മദ്യത്തിന് പേര് നിർദ്ദേശിക്കുന്നവർക്ക് 10,000 രൂപ പാരിതോഷികം ബെവ്‌കോ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് പേര് സംബന്ധിച്ച തീരുമാനം നീണ്ടുപോവുകയായിരുന്നു. നിരവധി പേരാണ് പുതിയ മദ്യത്തിന് പേര് നിർദ്ദേശിച്ച് ബെവ്‌കോയെ സമീപിച്ചിട്ടുള്ളത്.