Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയനിടെ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടറെ സസ്‌പെൻഡ് ചെയ്തു

Published on 18 February, 2026
തിരുവനന്തപുരം  നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ  സിസേറിയനിടെ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടറെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെത്തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ ആരോപണവിധേയയായ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ചികിത്സാ പിഴവിനൊപ്പം കൈക്കൂലി വാങ്ങിയെന്ന ഗുരുതരമായ ആരോപണം കൂടി ഉയർന്ന സാഹചര്യത്തിലാണ് നടപടി. നേരത്തെ ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയിരുന്നെങ്കിലും പ്രതിഷേധം ശക്തമായതോടെ സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങുകയായിരുന്നു.

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടർമാർ ഉൾപ്പെട്ട സംഘത്തോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സിസേറിയനിലൂടെ പുറത്തെടുത്ത നിരഞ്ജനയുടെ കുഞ്ഞ് മരണപ്പെട്ടത്. ശ്വാസതടസ്സമാണ് മരണകാരണമെന്നാണ് ഡോക്ടർ നൽകിയ വിശദീകരണമെങ്കിലും ചികിത്സയിൽ വലിയ വീഴ്ചയുണ്ടായെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇതിന് പിന്നാലെ ആർ.ഡി.ഒയെയും ആശുപത്രി സൂപ്രണ്ടിനെയും തടഞ്ഞുവെച്ച് വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ഈ ഡോക്ടർക്കെതിരെ മുൻപും പരാതികൾ ഉയർന്നിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന സ്ഥിരീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക