Image

മദ്യശാലകളോടുള്ള ഉദാരസമീപനം തെരഞ്ഞെടുപ്പ് ഡീലോ? മദ്യശാലകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചും സമയം വര്‍ദ്ധിപ്പിച്ചും സാധാരണ ജനങ്ങളെ വേട്ടയാടരുത്: കെസിബിസി

Published on 18 February, 2026
മദ്യശാലകളോടുള്ള ഉദാരസമീപനം തെരഞ്ഞെടുപ്പ് ഡീലോ? മദ്യശാലകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചും സമയം വര്‍ദ്ധിപ്പിച്ചും സാധാരണ ജനങ്ങളെ വേട്ടയാടരുത്: കെസിബിസി

കൊച്ചി: ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ച സർക്കാര്‍ നയത്തിനെതിരെ കെസിബിസി. മിന്നൽ വേഗത്തിലുള്ള നയം മാറ്റം തെരഞ്ഞെടുപ്പ് ഡീൽ എന്ന സംശയിക്കുന്നുവെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി വിമർശിച്ചു. ബാറുകളുടെ സമയം വർദ്ധിപ്പിച്ച നടപടി ഉടൻ പിൻവലിക്കണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു. മുന്നണിയിലും മന്ത്രിസഭയിലും പോലും കൂടിയാലോചിക്കാതെ അബ്കാരി പ്രീണന നയം സ്വീകരിച്ചവര്‍ ‘മദ്യം അത് പാമ്പിനെപ്പോലെ കൊത്തുകയും, അണലിയെപ്പോലെ കടിക്കുകയും ചെയ്യുമെന്ന’ ബൈബിള്‍ വാക്യം ഓര്‍മ്മയില്‍ വയ്ക്കുന്നത് ഉചിതമായിരിക്കുമെന്ന് കെസിബിസി ഓർമിപ്പിക്കുന്നു.

മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയ കേരളത്തെ എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെ മദ്യശാലകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചും സമയം വര്‍ദ്ധിപ്പിച്ചും സാധാരണ ജനങ്ങളെ വേട്ടയാടരുത്. വിനോദസഞ്ചാരികളുടെ മറവില്‍ മദ്യവില്പന വ്യാപകമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ട. വിനോദസഞ്ചാരികള്‍ കേരളത്തിലെത്തുന്നത് നാട്ടിലെ ‘ചളുക്ക് ബ്രാണ്ടി കുടിക്കാനല്ല’ പ്രകൃതിഭംഗി ആസ്വദിക്കാനാണ്.

മദ്യത്തിന്റെ ലഭ്യതക്കുറവുകൊണ്ടല്ല വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വന്നിരിക്കുന്നത്. മറിച്ച് മയക്കുമരുന്നുപയോഗരുടെയും മദ്യപാനികളുടെയും തെരുവുനായ്ക്കളുടെയും വന്യമൃഗങ്ങളുടെയും കടന്നാക്രമണം ഭയന്നാണെന്നും മദ്യവിരുദ്ധ സമിതി അഭിപ്രായപ്പെട്ടു. മദ്യപിച്ചും മയക്കുമരുന്നുകള്‍ കഴിച്ചും ഭ്രാന്തന്‍മാരെപ്പോലെ നമ്മുടെ പൊതുജനം അക്രമകാരികളാകും. പുര കത്തുമ്പോള്‍ വാഴവെട്ടുന്ന സമീപനമാണ് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കെസിബിസി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക