Image

ന്യൂസമും എ ഓ സിയും 2028ൽ ഡെമോക്രാറ്റിക് പ്രസിഡന്റ് പ്രൈമറിയിൽ മുന്നിലെന്നു റ്റെഡ് ക്രൂസ് (പിപിഎം)

Published on 18 February, 2026
ന്യൂസമും എ ഓ സിയും 2028ൽ ഡെമോക്രാറ്റിക് പ്രസിഡന്റ് പ്രൈമറിയിൽ മുന്നിലെന്നു റ്റെഡ് ക്രൂസ് (പിപിഎം)

2028 ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയാവാൻ കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം, ന്യൂ യോർക്ക് റെപ്. അലെക്‌സാൻഡ്രിയ ഒക്കേഷ്യോ-കോർട്ടസ് (എ ഓ സി) എന്നിവർക്കാണ് ഏറ്റവും സാധ്യത എന്നു ടെക്സസിൽ നിന്നുള്ള പ്രമുഖ റിപ്പബ്ലിക്കൻ സെനറ്റർ റ്റെഡ് ക്രൂസ്.

ന്യൂ യോർക്ക് മേയർ സോഹ്രാൻ മാംദാനി സെനറ്റിലേക്കു മത്സരിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം 'Verdict' പോഡ്‌കാസ്റ്റിൽ പറയുന്നു.

മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിച്ച എ ഓ സി ഉൾപ്പെടെയുള്ള ഡെമോക്രാറ്റിക് പ്രോഗ്രസീവ് നേതാക്കൾ രാജ്യരക്ഷയ്ക്കുള്ള നടപടികൾക്കു ഒരുങ്ങിയിട്ടില്ലെന്നു വ്യക്തമായതായി ക്രൂസ് ആരോപിച്ചു. ഇസ്രയേലിന്റെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യത്യസ്‌ത അഭിപ്രായമുള്ള പുരോഗമന വാദികൾ സ്ഥാനാർഥികളായാൽ അവരെ തോൽപിക്കാൻ എളുപ്പമാണെന്നു റിപ്പബ്ലിക്കൻ യാഥാസ്ഥിതികർ കരുതുന്നു.

"എ ഓ സി മുൻനിര സ്ഥാനാർഥിയാണെന്നു ഞാൻ കരുതുന്നു," ക്രൂസ് പറഞ്ഞു. "ന്യൂസം ഇപ്പോൾ അവരെക്കാൾ അൽപം മുന്നിലാണെന്നു തോന്നുന്നു."

2028 പ്രൈമറിയിൽ സെനറ്റിലേക്കുള്ള മത്സരം ഒഴിവാക്കാൻ എ ഓ സിയെ പ്രസിഡന്റ് മത്സരത്തിനു സെനറ്റ് മൈനോറിറ്റി ലീഡർ ചക് ഷൂമർ പ്രേരിപ്പിക്കുമെന്നു ക്രൂസ് പറഞ്ഞു. "എ ഓ സി അതിനു വഴങ്ങിയാൽ സെനറ്റിലേക്കു മത്സരിക്കാൻ ഷൂമറിനെതിരെ പ്രൈമറിയിൽ മാംദാനി ഇറങ്ങും."

മേയർ സ്ഥാനത്തേക്കു തന്നെ എൻഡോഴ്സ് ചെയ്യാത്ത ഷൂമറോടു മാംദാനിക്കു മമതയൊന്നുമില്ല. "മാംദാനിയെ പ്രൈമറിയിൽ തോൽപിക്കാൻ ഷൂമറിന് കഴിയുമെന്നു ഞാൻ കരുതുന്നില്ല."

റെയ്‌സ് ടു ദ വൈറ്റ് ഹൗസ്.കോം നടത്തിയ വിലയിരുത്തലിൽ മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആണ് ഏറ്റവും മുന്നിൽ: 27.5%. ന്യൂസമിന് 22.7%, എ ഓ സിക്ക് 9%, പീറ്റ് ബുട്ടിജിഗ് 8.7% എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നില.

Ted Cruz sees AOC, Newsom as 2028 Democratic frontrunners

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക