Image

നാലാം ശതാബ്ദിയുടെ നിറവിൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്ക

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി Published on 17 February, 2026
നാലാം ശതാബ്ദിയുടെ നിറവിൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്ക

 

ആയിരത്തിയറുനൂറ്റി ഇരുപത്തിയാറിൽ സമർപ്പിക്കപ്പെട്ട  വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ നാനൂറാമത് വാർഷികം 2026 ൽ ആഘോഷിക്കുകയാണ്. തദവസരത്തിൽ തീർത്ഥാടകർക്കായും, സന്ദർശകർക്കായും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഫെബ്രുവരി മാസം പതിനാറാം തീയതി, വത്തിക്കാൻ പ്രസ് ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിവരിച്ചു. ആഘോഷങ്ങളിൽ നേരിട്ട് എത്തുവാൻ സാധിക്കാത്തവർക്കായി, ബസിലിക്കയുടെ നിർമ്മാണത്തിന്റെ കഥ പറയുന്ന, "ബിയോണ്ട് ദി വിസിബിൾ" എന്ന ഡിജിറ്റൽ പദ്ധതിയെക്കുറിച്ചും സമ്മേളനത്തിൽ എടുത്തു പറഞ്ഞു.

ആഘോഷപരിപാടികൾ, 2026 നവംബർ മാസം പതിനെട്ടിന്, ലിയോ പതിനാലാമൻ പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയോടെ പര്യവസാനിക്കും. വാർഷികം എപ്പോഴും ഒരു ചരിത്ര സംഭവത്തെ അനുസ്മരിക്കാൻ ഒരു അവസരമാണെന്നും,  ഈ സാഹചര്യത്തിൽ യേശുക്രിസ്തുവിന്റെ ജീവനുള്ള ഓർമ്മയെ അനുസ്മരിപ്പിക്കുന്നതും, ആദ്യത്തെ പാപ്പായായ പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയുള്ളതുമായ ബസിലിക്കയുടെ ഓർമ്മ നിലനിർത്താൻ ഈ ആഘോഷപരിപാടികൾക്ക് സാധിക്കുമെന്ന്, ബസിലിക്കയുടെ ആർച്ചുപ്രീസ്റ്റ് കർദിനാൾ മൗറോ ഗംബെത്തി പറഞ്ഞു.

നവംബർ 3, 10, 17 തീയതികളിൽ പേപ്പൽ ഭവനത്തിന്റെ പ്രസംഗകനായ ഫാ റോബെർത്തോ  പസോളിനി, സുവിശേഷത്തിന്റെയും അപ്പോസ്തല പ്രവർത്തന പുസ്തകത്തിന്റെയും  വെളിച്ചത്തിൽ, വിശുദ്ധ പത്രോസിനെക്കുറിച്ചുള്ള ധ്യാന ചിന്തകൾ പങ്കുവയ്ക്കും.

ആഘോഷങ്ങളോടനുബന്ധിച്ച്,  60 ഭാഷകളിലേക്ക് ഒരേസമയം തീർത്ഥാടകർക്ക് ആരാധനക്രമങ്ങൾ, ഗാനങ്ങൾ, വായനകൾ എന്നിവ വിവർത്തനം ചെയ്തു ഉപയോഗിക്കുവാനുള്ള മൊബൈൽ ആപ്പും, വത്തിക്കാൻ മാധ്യമ വിഭാഗവും, വിവർത്ത കമ്പനിയുമായി ചേർന്ന് നിർമ്മിച്ചുവെന്നും കർദിനാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ചരിത്രത്തിലും കലയിലും പ്രധാനമായും താൽപ്പര്യമുള്ള ആളുകളുടെ  സന്ദർശനം, വിശ്വാസികളുടെ തീർത്ഥാടനത്തെ ബാധിക്കാതിരിക്കുവാൻ, മുൻകൂട്ടിയുള്ള രെജിസ്ട്രേഷൻ  അനിവാര്യമാകുമെന്നും, അതിനായി ബസിലിക്കയുടെ വെബ്‌സൈറ്റ് www.basilicasanpietro.va സന്ദർശിക്കണമെന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സുരക്ഷയ്ക്കായി വിവിധ ക്രമീകരണങ്ങളും ബസിലിക്കക്കുള്ളിൽ ഒരുക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക