Image

കോട്ടയത്ത് കോണ്‍ഗ്രസ് വേദിയില്‍ മുഖ്യാതിഥിയായി പ്രേംകുമാര്‍

Published on 17 February, 2026
 കോട്ടയത്ത്   കോണ്‍ഗ്രസ്  വേദിയില്‍ മുഖ്യാതിഥിയായി പ്രേംകുമാര്‍

കോട്ടയം: നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍. കോട്ടയം നാഗമ്പടത്ത് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കെപിസിസിയുടെ സംസ്‌കാര ഉത്സവ് 2026 എന്ന പരിപാടിയിലാണ് പ്രേംകുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തത്. സംസ്‌കാര സാഹിതി ഒരു സാംസ്‌കാരിക സംഘടനയാണെന്നും അവരുടെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ വേറെ രാഷ്ട്രീയമൊന്നും ഇല്ലെന്നും കഴിഞ്ഞ ദിവസം പ്രേംകുമാര്‍ വ്യക്തമാക്കിയിരുന്നു.

ഫാസിസം ഏറ്റവും ഭയപ്പെടുന്നത് എഴുത്തുകാരന്റെ മൂർച്ഛയുള്ള വാക്കുകളെയാണെന്നും കലാകാരന്റെ ഏറ്റവും ശക്തമായ ആവിഷ്കാരമാണ് കലയെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് അത്തരം ആവിഷ്കാരങ്ങൾ ഉണ്ടാകുമ്പോൾ അവയെ ഉന്മൂലനം ചെയ്യാൻ അവർ തയ്യാറാകുന്നതെന്നും പ്രേംകുമാർ. കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്നു. എതിർ ശബ്ദങ്ങളെ നിശബ്ദമാക്കുന്നു. അത്തരം ഫാസിസം ഉണ്ടാകരുത്. ഇന്നത്തെ ഒരു നാടക കലാകാരന് താൻ മനസ്സിൽ ഉദ്ദേശിക്കുന്ന ആശയം അവതരിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കലാകാരന് അതിരുകൾ ഇല്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടാകണം. നിർഭയമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഏറ്റവും പ്രധാനമാണ്. ജനാധിപത്യം അപകടകരമായ അവസ്ഥയിലാണെന്നും പ്രേംകുമാ‍ർ വേദിയിൽ പറഞ്ഞു. പൊളിറ്റിക്കൽ മജോറിറ്റി മാറി കമ്മ്യൂണൽ മജോറിറ്റിയാകും എന്ന് അംബേദ്കർ നേരത്തെ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു ഭൂരിപക്ഷം രൂപപെട്ടാൽ അത് പെട്ടന്ന് ഒന്നും മാറ്റാൻ കഴിയില്ല. ഇത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിളിച്ച കേരളം നവോത്ഥാനത്തിലേക്ക് എത്തിയതിൽ കലാകാരന്മാരുടെ, സാംസ്‌കാരിക നായകരുടെ വലിയ പങ്കുണ്ട്. അതിനെ പിന്നോട്ട് വലിക്കാൻ ചിലർ ശ്രമിക്കുന്നു. കലാ പ്രവർത്തനം നല്ല മനുഷ്യരെ സൃഷ്ടിക്കൽ ആണ്. രാഷ്ട്രീയവും അങ്ങനെ തന്നെയാണെന്നും പ്രേംകുമാർ പ്രതികരിച്ചു.

ഇടതുപക്ഷവുമായി അകന്ന പ്രേംകുമാറിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത് എന്നാണ് വിവരം. കഴിഞ്ഞദിവസം പ്രേംകുമാറുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫോണില്‍ സംസാരിച്ചിരുന്നു.

കഴക്കൂട്ടത്ത് പ്രേംകുമാറിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടി പ്രവേശനത്തിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുക. 

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒരു വാക്ക് പോലും പറയാതെ മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കഴിഞ്ഞ ദിവസം പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു പ്രേംകുമാര്‍ അതൃപ്തി പരസ്യമാക്കിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക