Image

ഐതിഹാസിക സിവിൽ റൈറ്സ് നേതാവ് ജെസെ ജാക്‌സൺ അന്തരിച്ചു (പിപിഎം)

Published on 17 February, 2026
ഐതിഹാസിക സിവിൽ റൈറ്സ് നേതാവ് ജെസെ ജാക്‌സൺ അന്തരിച്ചു (പിപിഎം)

ഉറച്ച ധാർമികതയും ഉജ്ജ്വലമായ വാഗ്ധോരണിയും കൊണ്ട് അമേരിക്കൻ സിവിൽ റൈറ്സ് പ്രസ്ഥാനങ്ങൾക്കും ഡെമോക്രാറ്റിക് പാർട്ടിക്കും വീര്യം പകർന്ന അത്യുന്നത നേതാവ് റെവറന്റ് ജെസെ ലൂയി ജാക്‌സൺ (84) അന്തരിച്ചു. മാർട്ടിൻ ലൂഥർ കിങ്ങിന്റെ ശിഷ്യനായിരുന്ന ജാക്‌സണ് 84 വയസായിരുന്നു.  

കുറേക്കാലമായി ചികിത്സയിൽ ആയിരുന്ന ജാക്‌സൺ ചൊവാഴ്ച്ച രാവിലെ ഷിക്കാഗോയിലെ ഭവനത്തിലാണ് അന്തരിച്ചത്. കുടുംബാംഗങ്ങൾ ചുറ്റിലും ഉണ്ടായിരുന്നു.  

1980കളിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ രണ്ടു തവണ മത്സരിച്ച ജാക്‌സൺ ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തെ ആവേശം കൊള്ളിച്ചു. വെള്ളക്കാരിൽ നിന്നു കൂടി പിന്തുണ നേടിയത് അമേരിക്കയ്ക്ക് അത്ഭുതവുമായി.

1968ൽ കിംഗ് വധിക്കപ്പെട്ട ശേഷം സിവിൽ റൈറ്സ് പോരാട്ടങ്ങളിൽ ജാക്‌സൺ പ്രമുഖനായി.

കറുത്തവരും വെള്ളക്കാരും ലാറ്റിനോകളും ഏഷ്യക്കാരും ആദിമ നിവാസികളും അടങ്ങുന്ന 'മഴവിൽ സഖ്യ'ത്തെ നയിച്ചു ജാക്‌സൺ ഡെമോക്രാറ്റിക് പാർട്ടിക്കു പുതിയ ഊർജം പകർന്നു. "നമ്മുടെ കൊടി ചുവപ്പും വെള്ളയും നീലയുമാണ്, പക്ഷെ നമ്മുടെ രാജ്യം മഴവില്ലാണ്, നമ്മളെല്ലാം ദൈവത്തിന്റെ കണ്ണിൽ അമൂല്യരാണ്‌," അദ്ദേഹം പറഞ്ഞു.

ജാക്‌സൺ പകർന്ന ആവേശത്തിലാണ് ബരാക്ക് ഒബാമ പ്രസിഡന്റ് സ്ഥാനാർഥിയായതെന്നു നിരീക്ഷകർ പറഞ്ഞിട്ടുണ്ട്.

മരണവാർത്ത സ്ഥിരീകരിച്ച പുത്രി സാൻടിറ്റ ജാക്‌സൺ പറഞ്ഞു: "ഞങ്ങളുടെ പിതാവ് സേവകനായ നേതാവായിരുന്നു. ഞങ്ങളുടെ കുടുംബത്തിനു മാത്രമല്ല -- മർദിതർക്കും ശബ്ദമില്ലാത്തവർക്കും അവഗണിക്കപ്പെട്ടവർക്കും."

ജാക്‌സൺ സിവിൽ റൈറ്സ് നേതാവ് മാത്രമല്ല, സ്വന്തമായ നിലയ്ക്ക് ഒരു പ്രസ്ഥാനവും ആയിരുന്നുവെന്നു റെവറന്റ് അൽ ഷാർപ്റ്റൺ പറഞ്ഞു.

Legendary civil rights leader Jesse Jackson passes away 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക