Image

ആ​ഗോള അയ്യപ്പ സം​ഗമം; ഓഡിറ്റ് റിപ്പോർട്ട് അന്തിമമല്ല, വീഴ്ച സമ്മതിച്ച് ദേവസ്വം ബോര്‍ഡ്

Published on 17 February, 2026
ആ​ഗോള അയ്യപ്പ സം​ഗമം; ഓഡിറ്റ് റിപ്പോർട്ട് അന്തിമമല്ല,  വീഴ്ച സമ്മതിച്ച് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ആ​ഗോള അയ്യപ്പ സം​ഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടിൽ നിരവധി കൃത്യതകൾ വരാനുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഓഡിറ്റ് റിപ്പോർട്ട് അന്തിമമല്ലെന്നും ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് പരിശോധിച്ചെന്നും ജയകുമാർ പറഞ്ഞു. ഈ മാസം 27ന് മുമ്പ് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തത വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

മുന്‍പുണ്ടായിരുന്ന അവ്യക്തതകള്‍ നീക്കി പുതിയ ഓഡിറ്റ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് ബോര്‍ഡിന്റെ ഇപ്പോഴത്തെ നീക്കം. പിഴവ് ഓഡിറ്ററുടേതല്ലെന്നും ദേവസ്വം ബോര്‍ഡിന്റേതാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ തുറന്നു സമ്മതിച്ചു.

ഓര്‍ഡിറ്റ് റിപ്പോര്‍ട്ടില്‍ 27ന് മുമ്പ് വ്യക്തത വരുത്തുമെന്നും ഇതിനായി ടാക്‌സ് ഫോഴ്സ് രൂപീകരിച്ചെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. 

പരിപാടിയില്‍ പങ്കെടുക്കാത്ത നന്ദഗോവിന്ദം ഭജന്‍സിന് ലക്ഷക്കണക്കിന് രൂപ നല്‍കിയതായും 4,000 പേര്‍ പ്രഭാതഭക്ഷണം കഴിച്ചതായുമുള്ള കണക്കുകള്‍ തെറ്റായ രേഖകളുടെ അടിസ്ഥാനത്തില്‍ വന്നതാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിശദീകരിക്കുന്നു. ലഭ്യമായ മെറ്റീരിയലുകള്‍ വച്ച് ഓഡിറ്റര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ഇത്തരം അപാകതകള്‍ ടാസ്‌ക് ഫോഴ്‌സ് വിശദമായി പഠിക്കുമെന്നാണ് കെ ജയകുമാര്‍ പറയുന്നത്.

‘മുന്‍ ബോര്‍ഡ് എടുത്ത തീരുമാനപ്രകാരം അയ്യപ്പസംഗമത്തിന്റെ ചെലവ് 4.99 കോടി രൂപയായി നിജപ്പെടുത്തിയിട്ടുണ്ടെന്നും കെ ജയകുമാര്‍ ചൂണ്ടിക്കാട്ടി. ഇതിനായി ബോര്‍ഡ് നേരത്തെ അഡ്വാന്‍സ് നല്‍കിയ മൂന്ന് കോടി രൂപ ഇപ്പോള്‍ തിരികെ അക്കൗണ്ടില്‍ ക്രെഡിറ്റ് ആയിട്ടുണ്ട്. സ്‌പോണ്‍സര്‍ഷിപ്പിലൂടെ തുക കണ്ടെത്താനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത് എങ്കിലും ഇത് പൂര്‍ണ്ണമായും വിജയിച്ചിട്ടില്ലെന്നും കെ ജയകുമാര്‍ പറഞ്ഞു. 

പ്രതീക്ഷിച്ച സ്‌പോണ്‍സര്‍ഷിപ്പ് തുക പൂര്‍ണ്ണമായും ലഭിക്കാത്തത് ബോര്‍ഡിന് വലിയ വെല്ലുവിളിയാണ്. അദാനി ഗ്രൂപ്പ് നല്‍കുമെന്ന് പറഞ്ഞ ഒരു കോടി രൂപ ഉള്‍പ്പെടെ ഏകദേശം 3.85 കോടി രൂപ മാത്രമാണ് നിലവില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിക്കുക. സ്‌പോണ്‍സര്‍ഷിപ്പ് നല്‍കാമെന്ന് ഏറ്റ പലരും പിന്നീട് വേണ്ടത്ര പ്രതികരിക്കാത്തത് തിരിച്ചടിയായെന്ന് പറഞ്ഞ കെ ജയകുമാര്‍ ഈ കുറവ് നികത്താന്‍ ബോര്‍ഡിന്റെ സ്വന്തം ഫണ്ട് ഉപയോഗിക്കില്ലെന്ന്  ഉറപ്പുനല്‍കി. കോടതിയില്‍ നല്‍കിയ വാക്ക് പാലിച്ച് ബാക്കി തുക കൂടി സ്‌പോണ്‍സര്‍ഷിപ്പിലൂടെ തന്നെ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും ജയകുമാര്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക