
യുഎസ് ഉപരോധമുള്ള മൂന്ന് ഇറാൻ എണ്ണക്കപ്പലുകൾ മുംബൈ തീരത്തിനു സമീപം ഇന്ത്യ തടഞ്ഞതായി റിപ്പോർട്ട്. ഇന്ത്യയുമായി വ്യാപാര കരാർ തീർപ്പായെന്നു പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച അന്നു തന്നെയാണ് ഈ നടപടി ഉണ്ടായത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താമെന്നു ഇന്ത്യ സമ്മതിച്ചതായി ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ കപ്പലുകളിൽ റഷ്യൻ എണ്ണ ഉണ്ടായിരുന്നോ എന്നതു വ്യക്തമല്ല.
'വേഷം മാറി' സഞ്ചരിക്കുന്ന കപ്പലുകൾ ഇന്ത്യൻ ജലാതിർത്തിയിൽ പ്രവേശിക്കുമ്പോൾ പിടികൂടുക എന്ന നയം അനുസരിച്ചാണ് ഈ നടപടി ഉണ്ടായതെന്ന് കരുതപ്പെടുന്നു. ഇറാനുമായി ഇന്ത്യക്കു നല്ല ബന്ധങ്ങളാണുള്ളത്.
ഇറാന്റെ നാഷണൽ ഇറേനിയൻ ഓയിൽ കമ്പനി പറയുന്നത് ഇന്ത്യ പിടികൂടിയ കപ്പലുകൾ തങ്ങൾക്കു ബന്ധമുള്ളതല്ല എന്നാണ്. അതിൽ ഉണ്ടായിരുന്ന ചരക്കും ബന്ധമുള്ളതല്ല.
മുംബൈയ്ക്ക് 100 നോട്ടിക്കൽ മൈൽ പടിഞ്ഞാറു ഫെബ്രുവരി 6നാണു നടപടി ഉണ്ടായതെന്നു ഇന്ത്യൻ അധികൃതർ എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ കപ്പലുകൾ പ്രവേശിച്ചു എന്നും അതിൽ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ആ പോസ്റ്റ് നീക്കം ചെയ്തു. എങ്കിലും കപ്പലുകൾ മുംബൈ തുറമുഖത്തേക്കു പരിശോധനയ്ക്കു കൊണ്ടുപോയെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുടെ ജലാതിർത്തിയിൽ നിരീക്ഷണത്തിനു കോസ്റ്റ് ഗാർഡ് 55 കപ്പലുകളും 12 വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യ പിടിച്ചെടുത്ത കപ്പലുകൾക്ക് അൽ ജഫ്‌സിയാ, സ്റ്റെല്ലാർ റൂബി, അസ്ഫാൾട്ട് സ്റ്റാർ എന്നിങ്ങനെയാണ് പേരുകൾ. യുഎസ് ഉപരോധമുള്ള ഗ്ലോബൽ പീസ്, ചിൽ 1, ഗ്ലോറി സ്റ്റാർ 1 എന്നീ കപ്പലുകൾ പേരും മറ്റും മാറ്റിയതാണ് ഇവയെന്നു സംശയമുണ്ട്. ഇവയുടെ നമ്പറുകൾ തമ്മിൽ പൊരുത്തമുണ്ടെന്നു ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ പറയുന്നതായി റോയിട്ടേഴ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.
India seized 3 oil tankers linked to Iran