
വാഷിങ്ടൺ: എൻബിസി ടുഡേ ഷോ അവതാരകയായ സവാന ഗത്രിയുടെ 84-കാരിയായ മാതാവ് നാൻസി ഗത്രിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. നാൻസി ഗത്രിയെ സുരക്ഷിതമായി വിട്ടയക്കാത്ത പക്ഷം ഫെഡറൽ തലത്തിലെ ഏറ്റവും കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് ട്രംപ് വ്യക്തമാക്കി. ‘ദ പോസ്റ്റ്’ പത്രത്തോട് നടത്തിയ ഫോൺ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഫെബ്രുവരി 1-ന് ട്യൂസൺ നഗരത്തിന് പുറത്തുള്ള വസതിയിൽ നിന്നാണ് നാൻസി ഗത്രിയെ തട്ടിക്കൊണ്ടുപോയത്. അവർ കൊല്ലപ്പെട്ടതായി കണ്ടെത്തിയാൽ യു.എസ്. നീതിന്യായ വകുപ്പ് പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
ഫെബ്രുവരി 4-ന് ട്രംപ് സവന്ന ഗത്രിയെ നേരിട്ട് വിളിച്ച് ഫെഡറൽ സഹായം വാഗ്ദാനം ചെയ്തിരുന്നു. തുടർന്ന് എഫ്ബിഐ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ ആഴ്ച, വീട്ടുമുൻപിൽ മുഖംമൂടി ധരിച്ച ഒരാൾ നിൽക്കുന്ന ഭീതിജനകമായ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും അന്വേഷണ സംഘം വീണ്ടെടുത്തതായി റിപ്പോർട്ടുണ്ട്. നാൻസി ഗത്രി ഇപ്പോഴും ജീവനോടെ ഉണ്ടായിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
വാരാന്ത്യത്തിൽ, അരിസോണയിലെ മരുപ്രദേശങ്ങൾക്കു മുകളിലൂടെ ഉയർന്ന സാങ്കേതിക ശേഷിയുള്ള ബ്ലൂടൂത്ത് ഉപകരണങ്ങളുമായി വിമാനപരിശോധനയും നടത്തി. നാൻസി ഗത്രിയുടെ പേസ്‌മേക്കറിൽ നിന്ന് സിഗ്നൽ കണ്ടെത്താനാണ് ഈ നീക്കം.
പ്രാധാന്യമേറിയ കേസുകളിൽ ഫെഡറൽ കുറ്റം ചുമത്തുന്നത് സാധാരണമാണെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അരിസോണ സംസ്ഥാനത്ത് വധശിക്ഷ നിലവിലുണ്ടെങ്കിലും, ഡെത്ത് റോമിലുള്ള പലരും ദശാബ്ദങ്ങളായി ശിക്ഷ നടപ്പിലാക്കപ്പെടാതെ തുടരുകയാണ്. ഫെഡറൽ തലത്തിലും ചില അതിക്രൂര കേസുകളിൽ വധശിക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നിയമവൃത്തങ്ങൾ ഓർമ്മിപ്പിക്കുന്നു.
അതേസമയം, മുൻ പ്രസിഡന്റ് ജോ ബൈഡൻ ഫെഡറൽ ഡെത്ത് റോമിലുണ്ടായിരുന്ന 40 പേരിൽ 37 പേരുടെ ശിക്ഷ ഇളവാക്കിയിരുന്നു. എന്നാൽ ചില അതിക്രൂര കേസുകളിൽ ശിക്ഷ നിലനിർത്തിയിരുന്നു. ഇപ്പോഴത്തെ സംഭവത്തിൽ സംസ്ഥാന-ഫെഡറൽ ഏജൻസികൾ ചേർന്നുള്ള അന്വേഷണം പുരോഗമിക്കുകയാണ്. നാൻസി ഗത്രിയുടെ സുരക്ഷിതമായ തിരിച്ചുവരവിനായി കുടുംബവും അന്വേഷണ സംഘവും കാത്തിരിക്കുമ്പോൾ കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന സന്ദേശമാണ് വൈറ്റ് ഹൗസ് നൽകുന്നത്.