
ഡൽഹി: വിവാഹപൂർവ്വ ലൈംഗികബന്ധങ്ങളിൽ പുരുഷനും സ്ത്രീയും അതീവ ജാഗ്രത പാലിക്കണമെന്ന് സുപ്രീം കോടതി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിന്റെ ജാമ്യഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൽ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിർണ്ണായക നിരീക്ഷണം.
വിവാഹത്തിന് മുൻപ് ആരെയും കണ്ണുമടച്ച് വിശ്വസിക്കരുതെന്ന് കോടതി ഓർമ്മിപ്പിച്ചു. “ബന്ധം എത്ര ആഴത്തിലുള്ളതായാലും വിവാഹത്തിന് മുൻപ് സ്ത്രീയും പുരുഷനും അന്യരാണ്. ഇത്തരമൊരു സാഹചര്യത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല” എന്ന് ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. ചിലപ്പോൾ തങ്ങൾ പഴഞ്ചൻ ചിന്താഗതിക്കാരായിരിക്കാം എന്നും എങ്കിലും നിലവിലെ സാഹചര്യത്തിൽ വലിയ സൂക്ഷ്മത ആവശ്യമാണെന്നും കോടതി കൂട്ടിച്ചേർത്തു.
മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവാവ് വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് യുവതിയുടെ പരാതി. വിദേശത്ത് വെച്ചും ഇരുവരും കണ്ടുമുട്ടിയിരുന്നു. യുവതിയുടെ സമ്മതമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായും യുവാവ് നേരത്തെ വിവാഹിതനാണെന്ന വിവരം മറച്ചുവെച്ചതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 2024-ൽ ഇയാൾ വീണ്ടും വിവാഹിതനായതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. വിവാഹത്തിന് മുൻപ് എന്തിനാണ് യുവതി വിദേശത്തുപോയി യുവാവിനെ കണ്ടതെന്ന് കോടതി ചോദിച്ചു. കേസ് കൂടുതൽ വാദത്തിനായി ബുധനാഴ്ചത്തേക്ക് മാറ്റി.