
വാഷിങ്ടൺ : അന്യഗ്രഹജീവികൾ ഉണ്ടെന്ന തന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വ്യക്തത വരുത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ. പോഡ്കാസ്റ്റ് അഭിമുഖത്തിനിടെ അന്യഗ്രഹജീവികൾ ഉണ്ടോ എന്ന ചോദ്യത്തിന് “അവർ സത്യമാണ് എന്ന് ഒബാമ മറുപടി നൽകിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
എന്നാൽ തന്റെ ഭരണകാലത്ത് അന്യഗ്രഹജീവികൾ ഭൂമിയിൽ എത്തിയതിനോ നമ്മളുമായി ബന്ധപ്പെട്ടതിനോ ഉള്ള യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പിന്നീട് ഇൻസ്റ്റാഗ്രാമിലൂടെ വിശദീകരിച്ചു.
പ്രപഞ്ചം വളരെ വലുതായതുകൊണ്ട് മറ്റെവിടെയെങ്കിലും ജീവന്റെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് ഒബാമ പറഞ്ഞു. സൗരയൂഥങ്ങൾ തമ്മിലുള്ള ദൂരം വളരെ കൂടുതലായതിനാൽ അവർ ഭൂമി സന്ദർശിക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്യഗ്രഹജീവികളെ രഹസ്യമായി പാർപ്പിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്ന ഏരിയ 51 എന്ന സ്ഥലത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. ശീതയുദ്ധകാലത്ത് അതീവ രഹസ്യ വിമാനങ്ങൾ പരീക്ഷിക്കാൻ അമേരിക്ക ഉപയോഗിച്ചിരുന്ന ഇടമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി