
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിനെ പുകഴ്ത്തി വീണ്ടും മണിശങ്കര്‍ അയ്യര്‍. പഞ്ചായത്തീരാജ് സംവിധാനത്തില്‍ രാജീവ് ഗാന്ധിയുടെ സ്വപ്‌നം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയെന്ന് അയ്യര്‍ പറഞ്ഞു. ഏറ്റവും മികച്ച ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. മുന്‍മന്ത്രി ഡോ. തോമസ് ഐസക്ക്, തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് എന്നിവര്‍ക്കൊപ്പമായിരുന്നു മണിശങ്കര്‍ അയ്യര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
ഇന്ത്യയില്‍ മൂലധനം ഒഴുകുന്നുണ്ട്. എന്നാല്‍ പണപ്പെരുപ്പം 9 ശതമാനമാണ്. കേരളത്തില്‍ നടക്കുന്നത് രാജീവ് ഗാന്ധി സ്വപ്‌നം കണ്ട ഭരണമാണ്. കേരളം, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങളോട് ഏറെ അടുത്തു നില്‍ക്കുന്നത്. ഏതു മാനദണ്ഡങ്ങള്‍ പരിഗണിച്ചാലും രാജ്യത്ത് തന്നെ ഏറ്റവും മികച്ച ഭരണമാണ് കേരളത്തിലേതെന്നും മണിശങ്കര്‍ അയ്യര്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ സംസാരിക്കവെ, താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. എന്നാൽ കോൺഗ്രസിന് തന്നോട് എപ്പോഴും മോശം അഭിപ്രായമാണുള്ളതെന്നും മൂല്യങ്ങൾ മുറുകെ പിടിച്ചതുകൊണ്ടാണ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് ജയിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കേരളത്തിൽ പിണറായി വിജയൻ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് തന്റെ വിലയിരുത്തലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതൃത്വത്തെയും അദ്ദേഹം നിശിതമായി വിമർശിച്ചു. വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ നിർദ്ദേശിക്കില്ലെന്നും പാർട്ടിയിൽ ഒരുപാട് മുതിർന്ന നേതാക്കൾ ഉണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കെ.സി വേണുഗോപാലിനെ ‘അഭിനവ സർദാർ വല്ലഭായ് പട്ടേൽ’ ആക്കാൻ ശ്രമിക്കുന്നവരുടെ തലച്ചോർ പരിശോധിക്കണമെന്നും, രാഹുൽ ഗാന്ധി കഴിവുള്ളവരെയും അർഹരെയും തിരിച്ചറിയാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താൻ മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും കോൺഗ്രസ് ആവശ്യപ്പെട്ടാൽ തന്റെ ശബ്ദം പാർട്ടിക്ക് വേണ്ടി വിനിയോഗിക്കുമെന്നും മണിശങ്കർ അയ്യർ വ്യക്തമാക്കി.