
സാറാക്കുട്ടിയുടെ കാർ ഗെയ്റ്റ് കടന്ന് പുറത്തേക്ക് പോകുന്നത് കണ്ടപ്പോൾ ടെറസിൽ നിന്ന് ബീന മുറിക്ക് അകത്തേക്ക് കയറി. ജനാലയിലൂടെ നീല മേലാപ്പിനു കീഴെ പിടഞ്ഞോടുന്ന വെള്ളിമേഘങ്ങളെ നോക്കി നിന്നു. എങ്ങോട്ടേയ്ക്കാണ് ഇവ ഇത്ര വെപ്രാളപ്പെട്ട് ഓടുന്നത്? ആരിൽ നിന്ന്, എന്തിൽ നിന്ന് ഓടിയൊളിക്കാനാണ് ആ പാവങ്ങൾ ശ്രമിക്കുന്നത്? ഏതു വേട്ടക്കാരനിൽ നിന്നാണ് അവയ്ക്കു രക്ഷപെടേണ്ടത്? എത്ര ഓടിയാലും രക്ഷപെടാനാവില്ല എന്ന് അവയ്ക്കു അറിയില്ലായിരിക്കും. വിശാലമായ, മറകളില്ലാത്ത ആകാശത്തോപ്പിൽ എവിടെയാണ് ഒളിക്കാൻ പറ്റിയ ഒരിടം? ഒളിക്കാൻ ഇടമില്ലാതെ, രക്ഷപെടാൻ മാർഗമില്ലാതെ അലിഞ്ഞു തീരുകയാണ് അവ. സ്വയം ഇല്ലാതെ ആവുകയാണ് അവ...
തന്നെപ്പോലെ....
ഈ വീട്ടിൽ, ഒരു മുറിയിൽ നിന്ന്, മറ്റൊരു മുറിയിലേക്ക്... ഒളിവിടം ഇല്ലാതെ അലിഞ്ഞു തീരുകയാണോ താനും, മറ്റൊരു മേഘത്തുണ്ടായി...?
വിവാഹം കഴിഞ്ഞു ഈ മുറ്റത്തു വന്നിറങ്ങുമ്പോൾ ഒരു ആശ്രയ സ്ഥാനം കണ്ടെത്തി എന്നാണ് കരുതിയിരുന്നത്...
പക്ഷെ,
കത്തിച്ച നിലവിളക്കു കൈയ്യിൽ തന്നു അമ്മായിഅമ്മ അകത്തേക്ക് ആനയിച്ചപ്പോൾ എവിടെനിന്നോ വീശിയടിച്ച കാറ്റ്.... ആ കാറ്റിൽ തിരിനാളം വല്ലാതെ ഉലഞ്ഞു.
'അയ്യോ... വിളക്ക് കെടരുത്. സൂക്ഷിച്ച്...'
എബിയുടെ സഹോദരി സൂസൻ കൈകൊണ്ടു തിരി പൊതിഞ്ഞു പിടിച്ചു. അകത്തെ മുറിയിൽ വിളക്ക് കൊണ്ട് വെക്കും വരെ, വെളിച്ചത്തിൻറെ കണിക പോലും പുറത്തു വരാതെവണ്ണം സൂസൻ ആ നാളം പൊതിഞ്ഞു പിടിച്ചിരിക്കുകയായിരുന്നു. പാലും പഴവും തന്ന് അമ്മായിമാർ സ്വീകരിക്കുമ്പോൾ ബീന അടുത്തിരുന്ന ഭർത്താവിനെ നോക്കി. അയാളുടെ കണ്ണുകൾ ചുറ്റും കൂടി നിൽക്കുന്നവരിലായിരുന്നു.
എബിയുടെ നോട്ടം ചുറ്റും കൂടിയവരിലായിരുന്നു: അന്ന് മാത്രമല്ല… ഇതുവരെ എന്നും അങ്ങനെ തന്നെ. അവൾ വിഷമത്തോടെ ഓർത്തു.
'മോളേ... ബീനാ....’
ബീനയുടെ അമ്മായിഅമ്മ ഉറക്കെ വിളിച്ചു. സ്വന്തം ചിന്തകളിൽ മുഴുകി നിൽക്കുകയായിരുന്ന ബീന അത് കേട്ടതേയില്ല.
റീത്താമ്മ പടികൾ കയറി മുകളിലത്തെ നിലയിലേക്ക് ചെന്നു.
‘ഉണർന്നില്ലേ ഇതുവരെ?' അവർ സ്വഗതമെന്നോണം പറഞ്ഞു. അടഞ്ഞു കിടന്ന മുറിയുടെ വാതിൽക്കൽ ഒന്ന് ശങ്കിച്ചു നിന്നിട്ട്, ഒന്ന് രണ്ടു പ്രാവശ്യം മുട്ടി നോക്കി. പിന്നെ വാതിൽ മെല്ലെ തുറന്ന് അവർ അകത്തേക്ക് കടന്നു.
ജനാലപ്പടിയിൽ കൈമുട്ടൂന്നി അകലങ്ങളിലേക്ക് മിഴിപായിച്ചു നിൽക്കുന്ന മരുമകളെ കണ്ട് റീത്താമ്മ ഒന്ന് പരുങ്ങി.
'നീ എന്തെടുക്കയാ ഇവിടെ? ആ സുമയെ ഒന്ന് സഹായിച്ചുകൂടെ?'
മറുപടി കിട്ടാഞ്ഞപ്പോൾ അവളുടെ അടുത്തേക്ക് ചെന്നു.
'എന്താ മോളേ, സുഖമില്ലേ നിനക്ക്?' അവർ നെറ്റിയിൽ കൈ വെച്ച് നോക്കാനായി കൈ നീട്ടി.
'ഏയ് ഒന്നുമില്ല...' അവരുടെ കൈ തടഞ്ഞു കൊണ്ട് ബീന പുറകോട്ടു മാറി.
'പിന്നെയെന്താ.... ഇവിടെ ഇങ്ങനെ ആകെ മുഷിഞ്ഞപോലെ...... രാവിലെ വേഷം മാറിയിട്ടുകൂടിയില്ലല്ലോ ... '
'ങ്ങും...' ബീന വെറുതെ മൂളിക്കൊണ്ടു തിരിഞ്ഞു ബാത്റൂമിലേക്കു നടന്നു.
ആ പോക്ക് നോക്കി റീത്താമ്മ ഒരു നിമിഷം അവിടെ നിന്നു
അവർ അവിടെ നിന്നും ഇറങ്ങി ഭർത്താവു കിടക്കുന്ന മുറിയിലേക്ക് നടന്നു. വർഷങ്ങൾക്കു മുൻപുണ്ടായ ഒരു അപകടത്തെ തുടർന്ന് ജോർജ് കിടപ്പിലായതാണ്.
ഭാര്യയുടെ ഒട്ടും പ്രസന്നമല്ലാത്ത മുഖഭാവം കണ്ട്, അയാൾ ചോദിച്ചു:
'എന്താ നിൻറെ മുഖത്ത് ഒരു മ്ലാനത?'
റീത്താമ്മ ആ കട്ടിലിനടുത്തു കിടന്ന കസേരയിൽ ഇരുന്നുകൊണ്ട് പറഞ്ഞു:
'എനിക്കറിയില്ല, എന്താണ് ആ കുട്ടിക്ക് എന്ന്...'
‘ആരുടെ കാര്യമാ നീ പറയുന്നത്?’
'നമ്മുടെ ബീനയുടെ... ആരോടും ഒരു അടുപ്പവും ഇല്ല... ഒന്ന് നേരേചൊവ്വേ മിണ്ടാറുകൂടിയില്ല....'
‘അത് സാരമില്ല. നമ്മളോടൊക്കെ പരിചയം ആയിവരട്ടെ. എബിയുമായി അടുപ്പക്കുറവൊന്നും ഇല്ലല്ലോ...? അത് നോക്കിയാൽ മതി നമ്മൾ.'
‘ഇനി എപ്പോൾ പരിചയം ആകാനാ? ആ മുറിയിൽനിന്ന് പുറത്തോട്ടു ഒന്ന് ഇറങ്ങിയിട്ട് വേണ്ടേ? കല്യാണം കഴിഞ്ഞിട്ട് വർഷം ഒന്നാകാറായി’.
റീത്താമ്മയ്ക്കു ശുണ്ഠി വന്നു. ജോർജ് ചിരിച്ചുകൊണ്ട് ചോദിച്ചു:
‘അതിരിക്കട്ടെ... നീ അവളോട് വല്ല അമ്മായിഅമ്മത്തരവും കാണിച്ചോ?'
'പോ അവിടുന്ന്...' ഭർത്താവിനോട് പറഞ്ഞു: 'സൂസനെപ്പോലെ തന്നെയേ ഞാൻ സുമയെയും ബീനയെയും കരുതിയിട്ടുള്ളൂ...’
'എന്നാലും, ഇങ്ങനെ ഇപ്പോഴും തനിയേ ആ മുറിയിൽ അടെച്ചിരിക്കുന്നതു കാണുമ്പോൾ ഒരു വല്ലാഴിക....’
ഒന്ന് നിർത്തി അവർ തുടർന്നു: 'ഇന്നാണെങ്കിൽ ആ പണിക്കാരത്തി വന്നിട്ടില്ല. ആ കിച്ചണിൽ ചെന്ന്, ആ സുമയെ ഒന്ന് സഹായിക്കുകയോ... '
'അതിനു അത് ഒന്നും ശീലം ഉണ്ടാവില്ല... നീ വെറുതെ അവളെ ജോലി ചെയ്യിക്കാനൊന്നും നിൽക്കേണ്ട...' ജോർജ് പറഞ്ഞു.
'അയ്യോ… ജോലി ചെയ്യേണ്ട... ഇത് അവളുടെ കൂടി വീടല്ലേ... താഴെയോട്ടു ഒന്ന് വരികയും, ഇവിടുള്ളവരോട് ഒന്ന് സംസാരിക്കയും ചെയ്തു കൂടെ?’
‘വിട്ടു കള.... ഒരുപാടു പണത്തിനു നടുവിൽ വളർന്നതല്ലേ... നമ്മുടെ ചുറ്റുപാടുകൾ പിടിക്കുന്നുണ്ടാവില്ല...'
ജോർജ് നിശ്വസിച്ചു.
റീത്താമ്മ ഒന്നും മിണ്ടാതെ ആ മുറി വൃത്തിയാക്കാൻ തുടങ്ങി.
എബിയുടെ വിവാഹമായിരുന്നു അവരുടെ മനസ്സിൽ അപ്പോൾ. എബിയുടെ വധുവിനെ തെരഞ്ഞെടുക്കുന്നതിൽ തങ്ങൾക്കു തെറ്റുപറ്റിയോ?
ധനാഢ്യനായ ബിസിനസുകാരൻറെ ഏക പുത്രി... ജനിച്ചതും വളർന്നതും മലേഷ്യയിൽ.... അകന്ന ഒരു ബന്ധുവാണ് ആലോചന കൊണ്ടുവന്നത്.
'പണവും, സമ്പാദ്യവും അവർക്കു വേണ്ടുവോളം ഉണ്ട്. അവർക്കു നല്ല ഒരു ചെറുക്കനെ വേണം; ഒപ്പം സ്നേഹമുള്ള വീട്ടുകാരേയും. അത്രയേയുള്ളു അവരുടെ നോട്ടം... അമ്മയില്ലാതെ വളർന്ന കുട്ടിയാണ്. അവളെ സ്നേഹിക്കാനും, അവൾക്കു സ്നേഹിക്കാനും കഴിയുന്ന ഒരു കുടുംബം വേണം.'
ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട കുട്ടി.... അതുകൊണ്ടുതന്നെ അവൾ അന്തർമുഖയാണ് എന്നത് ഒരു കുറവായി ആരുo കണ്ടതേയില്ല. ഡോക്ടറായ മകൻ എന്തെങ്കിലും മറുത്തു പറഞ്ഞതുമില്ല.
നാടടക്കം വിളിച്ചു, ആഡംബരമായി കല്യാണം നടത്തി. ബന്ധുക്കളും, സുഹൃത്തുക്കളും ഒന്നൊഴിയാതെ 'റീത്താമ്മയുടേയും ജോർജിൻ്റെയും ഭാഗ്യം' എന്ന് പറയുകയും ചെയ്തു.
പക്ഷെ, അവൾ വന്നു കയറിയപ്പോൾ മുതൽ എവിടെയോ ഒരു കല്ലുകടിച്ച പോലെ..... അതുവരെ കുടുംബത്തിൽ ഉണ്ടായിരുന്ന ഊഷ്മളത കുറഞ്ഞത് പോലെ.... തമ്മിൽ തമ്മിൽ ഒരു അകൽച്ച....
റീത്താമ്മ അടുക്കളയിൽ ചെല്ലുമ്പോൾ സുമ തിരക്കിലായിരുന്നു. രാവിലെ ഉണർന്നെഴുന്നേറ്റു അടുക്കളയിൽ കയറിയതാണ് എന്ന് വിളിച്ചോതുന്നതായിരുന്നു അവളുടെ വേഷവും, ഭാവവും. തലമുടി ചീകിയൊതുക്കി ഉച്ചിയിൽ ഉയർത്തിക്കെട്ടിവെച്ചിരിക്കുന്നു. സൽവാർ കമീസിൻറെ മുകളിൽ അലസമായി ഒരു ഏപ്രൺ ധരിച്ചിട്ടുമുണ്ട്....
'സുമേ, ബീന ഇങ്ങോട്ടു വന്നില്ലേ?'
'ആ... ഞാനെങ്ങും കണ്ടില്ല.' സുമയുടെ ശബ്ദത്തിലെ നീരസം റീത്താമ്മയ്ക്കു നന്നായി മനസ്സിലാകുമായിരുന്നു.
'ശോ!... നീ ഇവിടെ തനിയെ ആണെന്ന് ഞാൻ അങ്ങ് മറന്നു...'
റീത്താമ്മ വേഗം അവിടെയിരുന്നു പച്ചക്കറി അരിയാൻ തുടങ്ങി. അപ്പോഴും അവരുടെ കണ്ണുകൾ ഇളയ മരുമകളെ തിരയുകയായിരുന്നു.
'ഇവൾ ഇത് എന്താ ഇങ്ങോട്ടു വരാത്തത്?’ അവർ ആരോടെന്നില്ലാതെ പറഞ്ഞു.
'അമ്മച്ചിക്ക് ഇപ്പോൾ അവളെ കാണാഞ്ഞു എന്താ കുഴപ്പം? അവളിതുവരെ എപ്പോഴെങ്കിലും ഈ വീട്ടിലെ എന്തെങ്കിലും പണി ചെയ്തിട്ടുണ്ടോ?'
സുമ അസഹിഷ്ണതയോടെ അമ്മായിഅമ്മയോടു ചോദിച്ചു.
'അതാ എനിക്ക് മനസിലാകാത്തത്... എന്താ ഈ കുട്ടിയ്ക്ക്? '
'അത് അമ്മച്ചിയ്ക്ക് അറിയില്ലേ?' ചുണ്ടുകോട്ടി ചിരിച്ചുകൊണ്ട് സുമ ചോദിച്ചു. 'പണത്തിൻറെ ഹുങ്ക്!' എന്ന് പറയാതെ പറയുന്നുണ്ടായിരുന്നു അവളുടെ കണ്ണുകൾ.
'അങ്ങനെയൊന്നും പറയാതെ മോളെ... അവൾക്കു ഇവിടെ എന്തെങ്കിലും പ്രയാസം? നീ എന്തെങ്കിലും അവളോട് മുഷിഞ്ഞു പറയുകയോ മറ്റോ...?'
റീത്താമ്മ അർധോക്തിയിൽ നിർത്തി.
'ഞാനോ…?' സുമ കൈ മലർത്തി.
'ഇനി ഞാൻ പറഞ്ഞതോ, ചെയ്തതോ വല്ലതും പിടിക്കാതെ പോയതാണോ?' അവർ സ്വയം പറഞ്ഞു. നെറ്റിയിൽ തൊടാൻ കൈനീട്ടിയപ്പോൾ അവൾ പുറകോട്ടു മാറിയതായിരുന്നു അവരുടെ മനസ്സിൽ.
'അമ്മച്ചിയ്ക്ക് എന്തിൻറെ കുഴപ്പമാ? അവൾ എന്തെങ്കിലും ചെയ്യട്ടെ.'
സുമ റീത്താമ്മ അരിഞ്ഞുവെച്ച പച്ചക്കറി എടുത്തുകൊണ്ടുപോയി കഴുകി വാരി, അടുപ്പത്തിരുന്ന പാത്രത്തിലേക്കിട്ടു. ഫ്ലാസ്കിൽ നിന്നും കാപ്പി പകർന്നു ഒരു കപ്പ് അമ്മായിയമ്മക്ക് കൊടുത്തിട്ടു, മറ്റൊരു കപ്പിൽ ജോർജിന് കാപ്പി കൂട്ടിതുടങ്ങി.
'ങും… അമ്മച്ചി ഈ കറിയൊന്നു നോക്കിക്കോ... പപ്പയ്ക്ക് കാപ്പിക്ക് സമയമായി...' കപ്പും എടുത്തു സുമ ജോർജിൻറെ മുറിയിലേക്ക് നടന്നു.
റീത്താമ്മ വാത്സല്യത്തോടെ ആ പോക്ക് നോക്കി നിന്നു.
അവരുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു. ഇവൾ ഈ വീട്ടിൽ വന്നത് മുതൽ ഇവളാണ് ഈ വീടിൻറെ വിളക്ക്. റീത്താമ്മയുടെയും ജോർജിൻ്റെയും മൂത്ത മകൻ രാജുവിൻറെ ഭാര്യയായി വന്നത് മുതൽ സുമയാണ് വീട്ടുകാര്യങ്ങൾ നോക്കുന്നത്. എന്തിലും, ഏതിലും അവളുടെ കൈ ചെല്ലും. എല്ലാവരുടെയും ആവശ്യങ്ങളിൽ അവളുടെ കരുതൽ ചെല്ലും.
മരുമകൾ വന്നതോടെ രാജുവി ൻറെ അപ്പച്ചൻ ഭാര്യയായ തൻറെ പേര് മറന്നു പോയെന്നു റീത്താമ്മ കളിയാക്കാറുണ്ട്: ഇപ്പോൾ എന്തിനും ഏതിനും 'സുമമോൾ' തന്നെ വേണം. സൂസനും അങ്ങനെ തന്നെ. അബുദാബിയിൽ നിന്നും ഫോണിൽ വിളിക്കുമ്പോഴെല്ലാം അവൾക്കു നാത്തൂനോട് സംസാരിക്കാനാണ് വെമ്പൽ.
റീത്താമ്മയ്ക്കു മരുമകളെക്കുറിച്ചു അഭിമാനമേയുള്ളൂ. തൻറെ കാലം കഴിഞ്ഞാൽ ഈ കുടുംബത്തിൻറെ നാഥ ഇവളാണ്: സഹോദരങ്ങളെ സ്നേഹത്താൽ ഇണക്കിചേർത്ത് നിർത്തേണ്ടവൾ.
'അമ്മച്ചീ....'
റീത്താമ്മയുടെ കൈയ്യിൽ നിന്നും കത്തി താഴെ വീണു. സുമയുടെ നിലവിളി കേട്ടിടത്തേയ്ക്കു അവർ ഓടി.
Read More: https://www.emalayalee.com/writer/69