
തിരുവനന്തപുരം: ചലചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കിയതിനു പിന്നാലെ ഇടതുപക്ഷവുമായി ഇടഞ്ഞു നിൽക്കുന്ന നടൻ പ്രേംകുമാർ കോൺഗ്രസിലേക്കെന്ന് റിപ്പോർട്ടുകൾ. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി പ്രേംകുമാർ സംസാരിച്ചതായും ഇക്കാര‍്യം കെസി സ്ഥിരീകരിച്ചെന്നുമാണ് പുറത്തുവരുന്ന വിവരം.
കോൺഗ്രസിലെത്തിയാൽ അർഹമായ പരിഗണന ലഭിക്കുമെന്ന് കെസി വാഗ്ദാനം ചെയ്തതായും പ്രേംകുമാർ അനുകൂലമായി പ്രതികരിച്ചതായുമാണ് സൂചന.
ഇതേസമയം കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അനുനയ നീക്കവുമായി സിപിഎം. പ്രേംകുമാറിനെ കാണുന്നതിനായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍ പ്രേംകുമാറിന്റെ കഴക്കൂട്ടത്തെ വീട്ടില്‍ എത്തിയെങ്കിലും നടന്‍ വീട്ടിലില്ലാത്തതിനാല്‍ കാണാനാകാതെ മടങ്ങി.
പ്രേംകുമാര്‍ വീട്ടിലെത്തുന്ന പക്ഷം വീണ്ടും വരുമെന്നും കൂടിക്കാഴ്ച നടത്തുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പമാണ് പ്രേംകുമാര്‍. നിലവില്‍ ചില പ്രശ്നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. അക്കാര്യങ്ങള്‍ പ്രേംകുമാറുമായി സംസാരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
പ്രേംകുമാറുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. പ്രേംകുമാറുമായി ഫോണിലൂടെയാണ് സംസാരിച്ചത്. ഇതിന് പിന്നാലെയാണ് പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക് വരുമെന്ന അഭ്യൂഹം സജീവമായത്. എന്നാല്‍, പ്രേംകുമാര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.