Image

ടി20 ലോകകപ്പ്: കൊളംബോയിൽ ഇന്ത്യൻ വിജയ​ ഗാഥ; പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ

Published on 15 February, 2026
ടി20 ലോകകപ്പ്: കൊളംബോയിൽ ഇന്ത്യൻ വിജയ​ ഗാഥ; പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ

കൊളംബോ: ടി20 ലോകകപ്പിൽ പാക്കിസ്ഥാനെ 61 റൺസിന് ആധികാരികമായി കീഴടക്കി  ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റിന് 175 റൺസെടുത്തപ്പോൾ പാകിസ്താൻ 18 ഓവറിൽ 114 റൺസിന് ഓൾഔട്ടായി.


കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ആധിപത്യം പുലർത്തിയാണ് ഇന്ത്യ ചരിത്ര വിജയം നേടിയത്. ഇഷാൻ കിഷന്റെ (77) കിടിലൻ ഫിഫ്റ്റിയും ബൗളർമാരുടെ തകർപ്പൻ പ്രകടനവുമാണ് ഇന്ത്യക്ക് വമ്പൻ ജയം നേടിക്കൊടുത്തത്. ഇതോടെ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സൂപ്പർ എട്ടിൽ സീറ്റുറപ്പിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമ അക്കൗണ്ട് തുറക്കാതെ മടങ്ങി. നാല് പന്ത് നേരിട്ടാണ് അഭിഷേക് ഡക്കിന് മടങ്ങിയത്. എന്നാൽ ഇഷാൻ കിഷൻ , തിലക് വർമ കൂട്ടുകെട്ട് ഇന്ത്യക്ക് അടിത്തറ പാകി. ഇഷാൻ കിഷന്റെ തകർപ്പൻ ബാറ്റിംഗ് മികവിൽ 20 ഓവറിൽ 175 റൺസെടുത്തു. 

മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന് ഇന്ത്യൻ ബൗളിംഗ് നിരയുടെ കൃത്യതയ്ക്ക് മുന്നിൽ മറുപടിയുണ്ടായിരുന്നില്ല. 114 റൺസിന് പാക് പട മുഴുവനായും പുറത്തായി.


മത്സരത്തിന്റെ തുടക്കം മുതൽ പാക് ബൗളർമാരെ കടന്നാക്രമിച്ച ഇഷാൻ കിഷനാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. വെറും 40 പന്തിൽ നിന്ന് 77 റൺസാണ് താരം അടിച്ചുകൂട്ടിയത്. അഭിഷേക് ശർമ്മ തിരിച്ചെത്തിയ മത്സരത്തിൽ അദ്ദേഹം നിരാശപെടുത്തിയെങ്കിലും പവർപ്ലേ ഓവറുകളിൽ ഇഷാൻ നടത്തിയ ബാറ്റിംഗ് വിരുന്ന് ഇന്ത്യൻ ആരാധകർക്ക് വലിയ ആവേശമായി. മധ്യനിരയിൽ സൂര്യകുമാറും ശിവം ദുബൈയും നൽകിയ സംഭാവന കൂടിയതോടെ ഇന്ത്യ മികച്ച സ്കോറിലെത്തി.

176 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാനെ തുടക്കം മുതൽ ഇന്ത്യൻ ബൗളർമാർ സമ്മർദ്ദത്തിലാക്കി. ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, ഹർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവും, സർപ്രൈസ് പാക്കേജായി എത്തിയ തിലക് വർമ്മയും ഓരോ വിക്കറ്റ് വീതം നേടി വിജയം പൂർത്തിയാക്കി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയതോടെ പാകിസ്ഥാന്റെ പോരാട്ടം 114 റൺസിൽ അവസാനിച്ചു. 

പാകിസ്താനായി 34 പന്തിൽ 44 റൺ എടുത്ത ഉസ്മാൻ ഖാൻ ടോപ് സ്കോററായി പാകിസ്താന്റെ മാനം കാത്തു.

ഇതേസമയം പാക്കിസ്ഥാന് ഹസ്തദാനം നൽകേണ്ടതില്ലെന്ന നിലപാട് ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിലും പിന്തുടർന്ന്  ഇന്ത്യ.   കൊളംബോയിൽ നടന്ന ടി20 ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ ടോസിന്റെ സമയം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയ്ക്ക് കൈകൊടുക്കാൻ തയ്യാറായില്ല. പാക് ക്യാപ്റ്റന് കൈകൊടുക്കാതെയും മുഖത്തേക്ക് നോക്കാതെയും പോകുന്ന സൂര്യയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഏഷ്യ കപ്പ് മുതലാണ് പാക്കിസ്ഥാന് ഹസ്തദാനം നൽകേണ്ട എന്ന നിലപാട് ഇന്ത്യ സ്വീകരിച്ചത്. ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരെ കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യൻ താരങ്ങൾ തങ്ങളുടെ ചിരവൈരികൾക്ക് ഹസ്തദാനം നൽകാൻ തയ്യാറായില്ല.

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി 2025 മെയിൽ പാക് അധീന കശ്മീരിലെയും പാകിസ്ഥാനിലെയും ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോഴും വഷളായി തുടരുകയാണ്.

കഴിഞ്ഞ വർഷത്തെ ഏഷ്യ കപ്പിലുടനീളം ഈ ഹസ്തദാന വിവാദം വലിയ ചർച്ചയായിരുന്നു. ഏഷ്യ കപ്പ് ഫൈനലിൽ പാകിസ്ഥാനെ പരാജയപ്പെടുത്തിയെങ്കിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ ടീം തയ്യാറായിരുന്നില്ല. അന്ന് നഖ്‌വി തിരികെ കൊണ്ടുപോയ ട്രോഫിക്കായി ഇന്ത്യൻ ടീം ഇപ്പോഴും കാത്തിരിക്കുകയാണ്.

ബംഗ്ലാദേശ് ടി20 ലോകകപ്പിൽ നിന്ന് പുറത്തായതിൽ പ്രതിഷേധിച്ച്  ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഐസിസിയുടേയും മറ്റ് രാജ്യങ്ങളുടേയും സമ്മർദത്തെ തുടർന്ന് ഈ തീരുമാനത്തിൽ നിന്ന് അവർ പിന്മാറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക