
ഇസ്ലാമാബാദ്: പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടി അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനെ രഹസ്യമായി ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയതായി ആരോപണം. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹത്തിൻ്റെ ജീവന് അപകടമുണ്ടാക്കുമെന്നും പിടിഐ ചൂണ്ടിക്കാട്ടുന്നു. ഇമ്രാൻ ഖാൻ്റെ കുടുംബത്തെ പോലും അറിയിക്കാതെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും പിടിഐ ആരോപിച്ചു.
കഴിഞ്ഞ മൂന്ന് ദിവസമായി ഇമ്രാൻ ഖാൻ്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് പ്രതിഷേധത്തിലാണ് പ്രതിപക്ഷ എംപിമാർ .അതിനിടയിലാണ് ഇമ്രാനെ ആശുപത്രിയിലേക്ക് മാറ്റാൻ പാക് സർക്കാർ തീരുമാനിച്ചത്.’അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി പരിഗണിച്ച്, അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാനും മെഡിക്കൽ ബോർഡ് രൂപീകരിക്കാനും തീരുമാനിച്ചിരിക്കുന്നു’പാർലമെൻ്ററി കാര്യ മന്ത്രി താരിഖ് ഫസൽ ചൗധരി എക്‌സിൽ കുറിച്ചു.
ജയിൽ വകുപ്പ് ഇമ്രാൻ ഖാന് മതിയായ വൈദ്യസഹായം നിഷേധിക്കുന്നതായി പലതവണ കുടുംബം ആരോപിച്ചിട്ടുണ്ട്. വലത് കണ്ണിലെ കാഴ്ച 15 ശതമാനം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്ന വിവരം. ഇതിന് പിന്നാലെയാണിപ്പോൾ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാനായി തീരുമാനിച്ചത്.
എന്നാൽ ഈ നീക്കം പാക് സർക്കാർ രഹസ്യമായി നടത്തുന്നതാണ് പിടിഐയും കുടുംബവും ആരോപിക്കുന്നത്. പാക്കിസ്ഥാനിലെ ജയിൽ നിയമങ്ങൾ അനുസരിച്ച്, ഒരു തടവുകാരൻ്റെ മെഡിക്കൽ പരിശോധന, ചികിത്സ, ജയിൽമാറ്റം എന്നിവയ്ക്ക് മുമ്പ് കുടുംബാംഗങ്ങളെയും അറിയിക്കേണ്ടത് അധികാരികളുടെ കടമയാണെന്ന് പിടിഐ നേതൃത്വം പറയുന്നു.