
തിരുവനന്തപുരം: പിണറായി വിജയന്‍ തന്നെയായിരിക്കും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ‘വിഷന്‍ 2031’ അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയില്‍ പിണറായി വിജയനെ വേദിയിലിരുത്തിയാണ് മണിശങ്കര്‍ അയ്യറുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്. ‘അടുത്ത മുഖ്യമന്ത്രി ആകുമെന്ന് എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍’ എന്നായിരുന്നു മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം.
സമ്മേളനം ബഹിഷ്‌കരിച്ച തന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകരുടെ നടപടിയില്‍ ഏറെ ഖേദമുണ്ടെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.
കേരള സംസ്ഥാന രൂപീകരണത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന 2031-ഓടെ സംസ്ഥാനം കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങളെക്കുറിച്ചും നവകേരള നിർമ്മിതിയെക്കുറിച്ചും ചർച്ച ചെയ്യാനാണ് ഈ സമ്മേളനം സംഘടിപ്പിച്ചത്.
2031-ലെ കേരളത്തിന്റെ വികസന ഭൂപടം രചിക്കുന്നതിൽ ഈ സംഗമം നിർണ്ണായക പങ്കുവഹിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. 2031 എന്നത് കേവലം ഒരു വാർഷികാഘോഷം മാത്രമല്ലെന്നും, അത് കേരളത്തിന്റെ വൻതോതിലുള്ള വികസനത്തിലേക്കുള്ള വലിയൊരു കാഹളമായിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നവകേരളത്തിനായുള്ള ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള പ്രധാന വേദിയായാണ് ‘വിഷൻ 2031’ കോൺഫറൻസിനെ സർക്കാർ കാണുന്നത്.