
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വിനയ്, സുര്‍ജിത് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. എസ്എഫ്ഐക്കാരുടെ മര്‍ദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് അറസ്റ്റ്.
എആര്‍ ക്യാംപിലെ പൊലീസുകാരനായ മിഥുന്‍ റോയിക്കാണ് മാളില്‍ വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്. സംഭവത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. മിഥുന്‍ തങ്ങളെ മര്‍ദിച്ചു എന്നാണ് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പരാതി. ഇതില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം മിഥുനെതിരെ കേസെടുത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസമാണ് മാളില്‍ കുടുംബവുമായെത്തിയ പൊലീസുകാരനെ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചത്. പുതുവത്സര തലേന്ന് ശംഖുമുഖത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസുകാരനെയാണ് മാളില്‍ വെച്ച് പ്രതികാരം തീര്‍ത്തത്. അടികിട്ടിയ പൊലീസുകാരന് എതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പരാതിയും നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് മിഥുന്‍ റോയിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
എസ്എഫ്‌ഐക്കാരുടെ പരാതിയില്‍ കേസെടുത്ത നടപടിയില്‍ സേനയ്ക്കുള്ളില്‍ വലിയ അമര്‍ഷം തുടര്‍ന്നിരുന്നു.
ഇതേസമയം സംഭവത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടി. പോലീസുകാരനും സഹോദരിക്കുമെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തതില്‍ വിശദീകരണം നല്‍കാനും കമ്മിഷണര്‍ നിര്‍ദേശിച്ചു. എസ്എഫ്ഐ പ്രവർത്തകർ മർദിച്ച പൊലീസുകാരൻ മിഥുൻ റോയിക്കെതിരായ കേസ് നിലനിൽക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
എസ്എഫ്ഐക്കാർ മിഥുനെ പിന്തുടർന്ന് ശല്യപ്പെടുത്തുകയായിരുന്നുവെന്നും പ്രതിരോധിക്കുകയല്ലാതെ ആയുധം ഉപയോഗിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
റിപോർട്ട് സിറ്റി പൊലിസ് കമ്മീഷണർക്ക് ഉടൻ കൈമാറും. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് ഒഴിവാക്കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് സേനയിലടക്കം ഉണ്ടായ വ്യാപക അമർഷത്തെ തുടർന്നാണ് നടപടി.
മിഥുൻ റോയിക്കെതിരെ കേസെടുത്തതിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സിറ്റി പൊലിസ് കമ്മീഷണർ ഉത്തരവിട്ടിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്താൻ ഇടയായ സാഹചര്യത്തിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം.
ഇരുകൂട്ടരില്‍ നിന്നും പരാതി ലഭിച്ചു. ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്തിനെന്ന് പരിശോധിക്കും. അടിയന്തരമായ നടപടി സ്വീകരിക്കും. ഡ്യൂട്ടിയുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരെ അനാവശ്യമായി ഉപദ്രവിച്ചാല്‍ അടിയന്തര നടപടി ഉണ്ടാകും. പോലീസ് ഉദ്യോഗസ്ഥനെതിരെ മുന്‍കാലത്ത് പരാതി ലഭിച്ചിട്ടുണ്ട് അത് വിശദമായി പരിശോധിക്കും. എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരായ പരാതിയിലും വൈകാതെ നടപടി സ്വീകരിക്കും, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കെ കാര്‍ത്തിക് പറഞ്ഞു.
തിരുവനന്തപുരത്തെ മാളില്‍ സഹോദരിയുമായി എത്തിയ മിഥുനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നു, മിഥുനും സഹോദരിക്കുമെതിരെ തടഞ്ഞു നിര്‍ത്തല്‍,അസഭ്യം പറയല്‍, മര്‍ദനം, ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍ തുടങ്ങിയ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എന്നാല്‍, മര്‍ദ്ദിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയാണ് വഞ്ചിയൂര്‍ പോലീസ് കേസെടുത്തതെന്ന് ആരോപണമുണ്ട്.