
ടെക്സസിൽ ഫ്രിസ്കോ നഗരത്തിലെ ഹൈന്ദവ ക്ഷേത്രം എച്-1 ബി വിസയിൽ വന്നവർ നടത്തിയ സാംസ്‌കാരിക അധിനിവേശത്തിന്റെ ഉദാഹരണമാണെന്ന് വലതു പക്ഷ യാഥാസ്ഥിതിക റിപ്പബ്ലിക്കൻ ആക്ടിവിസ്റ്റ് കാർലോസ് ട്യുർഷിയോസ്. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റത്തെ വളരെ രൂക്ഷമായ ഭാഷയിലാണ് ട്യുർഷിയോസ് വിമർശിക്കുന്നത്.
'മൂന്നാം ലോക വിദേശീയർ' എച്-1 ബി വിസ ഉപയോഗിച്ചു യുഎസിൽ കടക്കുന്നു എന്നും ഫ്രിസ്കോയിൽ ആക്രമണം നടത്തുന്നുവെന്നു ട്യുർഷിയോസ് ആരോപിച്ചു.
ഡാളസ്-ഫോർട്ട്വർത്ത് മേഖലയിലെ കാര്യസിദ്ധി ഹനുമാൻ ക്ഷേത്രത്തിന്റെ വിഡിയോ അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. നോർത്ത് ടെക്സസിൽ ഏറ്റവും വലിയ ഹിന്ദു ആരാധനാലയങ്ങളിൽ ഒന്നാണിത്. 2007ൽ പണിത ക്ഷേത്രം ഫ്രിസ്കോയിൽ ഏറെ ശ്രദ്ധ ആകർഷിച്ച സാംസ്‌കാരിക-മത കേന്ദ്രമെന്ന നിലയിൽ പതിവായി സാമുദായിക കൂട്ടായ്മകൾക്കും ഉത്സവങ്ങൾക്കും വേദിയാവാറുണ്ട്.
ട്യുർഷിയോസ് ഈ ക്ഷേത്രത്തെ എച്-1 ബി വിസയുമായി ബന്ധപ്പെടുത്തി ഇന്ത്യൻ സമൂഹത്തോടുള്ള വിദ്വേഷം ആളിക്കത്തിക്കാൻ നോക്കുന്നു.
കോളിൻ കൗണ്ടിയിൽ ഫ്രിസ്കോയിലും സമീപ പ്രദേശളിലും കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളിൽ ജനസംഖ്യ വർധിച്ചിട്ടുണ്ട്. തൊഴിലവസരങ്ങൾ, വിദ്യാഭ്യാസ സൗകര്യം ഇവയൊക്കെ പരിഗണിച്ചാണ് ആളുകൾ എത്തുന്നത്. ഏഷ്യക്കാരാണ് കൂടുതൽ. അതിൽ ഇന്ത്യക്കാരും ഉൾപെടുന്നെങ്കിലും അവർ ഇപ്പോഴും ന്യൂനപക്ഷമാണ്.
ട്യുർഷിയോസ് ഉന്നയിച്ച ആരോപണങ്ങളെ പിന്തുണയ്ക്കുന്നവർ എച്-1 ബി വിസയിൽ വരുന്നവരെ നിയന്ത്രിക്കണം എന്നതാണ് പ്രധാനമായും ആവശ്യപ്പെടുന്നത്. അതേ സമയം, നിയമപരമായി കുടിയേറിയവരെ വിദ്വേഷം ചൊരിഞ്ഞു അധിക്ഷേപിക്കയാണ് ട്യുർഷിയോസ് ചെയ്യുന്നതെന്ന് തിരിച്ചടിക്കുന്നവരും ഏറെ.
Texas GOP activist posts hate against Hindus